ഭുവനേശ്വര്‍: ഇരുപതുകാരിയായ കോളജ് വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി. 10 പേരടങ്ങുന്ന സംഘമാണ് ആക്രമിച്ചതെന്നാണ് വിവരം. വിദ്യാര്‍ഥിനിക്കൊപ്പം ഉണ്ടായിരുന്ന യുവാവിനെ ആക്രമിച്ച ശേഷമായിരുന്നു ബലാത്സംഗം. ഞായറാഴ്ച രാത്രി ഒമ്പതരയോടെ ഒഡീഷയിലെ ഗഞ്ചമില്‍ ബീച്ചിനു സമീപമായിരുന്നു സംഭവം. പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 7 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റ് 3 പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
കഴിഞ്ഞയാഴ്ച പുരിയിലെ ബീച്ചിനു സമീപത്തെ ഹോട്ടലില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി ബലാത്സംഗത്തിന് ഇരയായിരുന്നു. അതിനു പിന്നാലെയാണ് തീരദേശ ഒഡീഷയെ നടുക്കി രണ്ടാമത്തെ കൂട്ട ബലാത്സംഗം. സംഭവത്തിനു ശേഷം ഒപ്പമുണ്ടായിരുന്ന സുഹൃത്തിനൊപ്പം ഞായാറാഴ്ച രാത്രി 11 മണിക്ക് പെണ്‍കുട്ടി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.
മദ്യപിച്ചെത്തിയ പ്രതികള്‍ ആദ്യം പെണ്‍കുട്ടിയെ അസഭ്യം പറഞ്ഞു. ഇത് എതിര്‍ത്ത പുരുഷസുഹൃത്തിനെ പ്രതികള്‍ മര്‍ദിക്കുകയും പെണ്‍കുട്ടിയുടെ വായ മൂടിക്കെട്ടി ബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നു. അതേസമയം പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്കു വിധേയയാക്കിയെന്നും കൗണ്‍സിലിങ് നല്‍കി വരികയാണെന്നും പൊലീസ് അറിയിച്ചു.










