മുംബൈ: അടുത്ത മാസം ആരംഭിക്കുന്ന വനിതാ ഏകദിന ലോകകപ്പിനും ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും. നീതു ഡേവിഡിന്റെ നേതൃത്വത്തിലുള്ള സെലക്ഷന് കമ്മിറ്റി ഉച്ചതിരിഞ്ഞ് മൂന്നരയ്ക്കാണ് ടീം പ്രഖ്യാപനം നടത്തുക. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍, വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാന, ജെമിമ റോഡ്രിഗസ്, റിച്ച ഘോഷ്, ദീപ്തി ശര്‍മ്മ, രാധാ യാദവ്, സ്നേഹ് റാണ തുടങ്ങിയവരുടെ സ്ഥാനം ഉറപ്പാണ്. സ്ട്രൈക്ക് റേറ്റിനെക്കുറിച്ചുള്ള വിമര്‍ശനമുണ്ടെങ്കിലും വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ മികവുകാട്ടിയ ഹര്‍ലീന്‍ ഡിയോളും ടീമില്‍ സ്ഥാനം ഉറപ്പാക്കുന്നു.
മലയാളിതാരം മിന്നു മണിയും ലോകകപ്പ് ടീമിലേക്ക് പരിഗണനയിലുണ്ട്. ഓസ്ട്രേലിയന്‍ പര്യടനത്തിലെ ഇന്ത്യ എ ടി-20 ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു മിന്നുമണി. ഓപ്പണര്‍ ഷെഫാലി വര്‍മ്മ ടീമില്‍ ഇടംപിടിക്കുമോ എന്നാണ് ആകാംക്ഷ. ഓസ്ട്രേലിയ എ ക്കെതിരായ പരമ്പരയില്‍ ഒരു അര്‍ധസെഞ്ചുറി മാത്രമാണ് ഷഫാലിക്ക് നേടാനായത്. ഇതുവരെ കളിച്ച 29 ഏകദിനങ്ങളില്‍ 23 മാത്രമണ് ഷഫാലിയുടെ ബാറ്റിംഗ് ശരാശരി. അതേസമയം മറ്റൊരു ഓപ്പണറായ പ്രതികാ റാവല്‍ ഇതുവരെ കളിച്ച 14 മത്സരങ്ങളില്‍ 54 റണ്‍സ് ശരാശരിയിലാണ് റണ്‍സടിച്ചത് എന്നത് ഷഫാലിക്ക് വെല്ലുവിളിയാണ്. ഇതുവരെ കളിച്ച 14 ഇന്നിഗ്സില്‍ ആറ് അര്‍ധസെഞ്ചുറികള്‍ നേടാനും പ്രതികക്ക് കഴിഞ്ഞു. സ്മൃതി മന്ദാനക്കൊപ്പം പ്രതികയെ ഓപ്പണറായി തീരുമാനിച്ചാല്‍ ഷഫാലിയെ ബാക്ക് അപ്പ് ഓപ്പണറായി പരിഗണിക്കുമോ എന്നും കണ്ടറിയാം.






