വാഷിങ്ടൺ: ഫുട്‌ബോൾ ലോകകപ്പിൽ ഇറാനിന് പകരം ഇറ്റലിയെ ഉൾപ്പെടുത്തണമെന്ന അമേരിക്കൻ നിർദ്ദേശം ഇറ്റലി തള്ളി. ഇറാൻ പിന്മാറാത്ത സാഹചര്യത്തിൽ ഇത്തരമൊരു മാറ്റം അസാധ്യമാണെന്നും യോഗ്യത നേടുന്നത് കളിക്കളത്തിലെ പ്രകടനത്തെ അടിസ്ഥാനമാക്കിയിരിക്കണമെന്നും ഇറ്റലി വ്യക്തമാക്കി.
യുഎസ് പ്രത്യേക പ്രതിനിധി പൗലോ സാംപോളിയാണ് ഈ നിർദ്ദേശം പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയുടെയും ശ്രദ്ധയിൽപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. എന്നാൽ നിർദ്ദേശത്തിനെതിരെ ഇറ്റാലിയൻ കായിക മന്ത്രി ആൻഡ്രിയ അബോദി ശക്തമായി പ്രതികരിച്ചു. ഇത് പ്രായോഗികമല്ലെന്നും നല്ല ആശയമല്ലെന്നും അദ്ദേഹം പറഞ്ഞു.
ഇറ്റാലിയൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ലൂസിയാനോ ബ്യൂൺഫിഗ്ലിയോയും നിർദ്ദേശത്തെ അപമാനകരമെന്ന് വിശേഷിപ്പിച്ചു. ധനമന്ത്രി ജിയാൻകാർലോ ജോർജെറ്റിയും വിമർശനവുമായി രംഗത്തെത്തി.
ഇതിനിടെ, ഇറാൻ താരങ്ങളുടെ അമേരിക്കയിലേക്കുള്ള പ്രവേശനം സംബന്ധിച്ച് ട്രംപ് പ്രതികരിച്ചു. താരങ്ങളെ തടയില്ലെന്നും, എന്നാൽ സംഘത്തോടൊപ്പം എത്തുന്ന മറ്റ് ആളുകൾക്ക് കർശന പരിശോധന ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവർത്തകരെന്ന വ്യാജേന തീവ്രവാദ ബന്ധമുള്ളവർ എത്താൻ സാധ്യതയുണ്ടെന്ന സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ മുന്നറിയിപ്പിന് പിന്നാലെയായിരുന്നു ഈ പ്രതികരണം.
അതേസമയം, ലോകകപ്പിൽ നിന്ന് പിന്മാറില്ലെന്ന് ഇറാൻ വീണ്ടും വ്യക്തമാക്കി. ജൂണിൽ ലോസ് ഏഞ്ചൽസിലും സിയാറ്റിലിലും നിശ്ചയിച്ച മത്സരങ്ങൾ മാറ്റമില്ലാതെ നടക്കുമെന്ന് ഫിഫ അറിയിച്ചു. നിലവിലെ നിയമങ്ങൾ പ്രകാരം ഇറാൻ പിന്മാറിയാൽ പകരം എത്തേണ്ടത് ഏഷ്യൻ മേഖലയിൽ നിന്നുള്ള യുഎഇ ആയിരിക്കും. എന്നാൽ നിയമങ്ങളിലെ ആശയക്കുഴപ്പം മുതലെടുത്താണ് ഇറ്റലിയെ ഉൾപ്പെടുത്താനുള്ള ശ്രമമെന്നാണ് വിലയിരുത്തൽ. “ഫുട്ബോൾ ജനങ്ങളുടേതാണ്, രാഷ്ട്രീയക്കാരുടേതല്ല എന്നും റോമിലെ ഇറാൻ എംബസി പ്രതികരിച്ചു.




