പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ പറന്നതിൽ ആശങ്ക. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് കോസ്റ്റ് ഗാഡിന്റെ ഹെലികോപ്റ്റർ സന്നിധാനത്ത് താഴ്ന്ന് പറന്നത്. പോലീസിൽ ഇക്കാര്യം അറിയിക്കാത്തതാണ് ആശങ്കയ്ക്ക് ഇടയാക്കിയത്. നാലുപേർ ഹെലികോപ്റ്ററിലുണ്ടായിരുന്നു. ഹെലികോപ്റ്ററിലുണ്ടായിരുന്നയാൾ ക്ഷേത്രത്തിന്റെ ദൃശ്യങ്ങൾ പകർത്തിയിരുന്നു. 30 സെക്കൻഡോളം ഹെലികോപ്റ്റർ സന്നിധാനത്തിന് മുകളിലൂടെ പറന്നു. അതീവ സുരക്ഷാ മേഖലയിൽ അനുവാദം വാങ്ങാതെ ഹെലികോപ്റ്റർ എത്തിയതിനെപ്പറ്റി അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ സ്പെഷൽ കമ്മിഷണർ എഡിജിപി എസ്. ശ്രീജിത്തിന് നിർദേശം നൽകി. വിവിധ സ്ഥലങ്ങളിൽ നിരീക്ഷണ പറക്കൽ നടത്താറുണ്ട് അതിന്റെ ഭാഗമായിട്ടാണ് ഹെലികോപ്റ്റർ എത്തിയതെന്നും പ്രതിരോധവകുപ്പിന്റെ കൊച്ചിയിലെ പി.ആർ.ഒ. വിശദീകരിച്ചു.




