തൃശ്ശൂർ: കോടാലിയിൽ പാമ്പുകടിയേറ്റ സഹോദരങ്ങളുടെ വീട്ടിൽ വനംവകുപ്പിന്റെ ‘സർപ്പ’ ടീം നടത്തിയ പരിശോധനകൾ അവസാനിപ്പിച്ചു. വീടിന്റെ തറയുടെ ഒരു ഭാഗം പൊളിച്ച് നടത്തിയ പരിശോധനയിൽ പാമ്പിന്റെ ഉറവിടം കണ്ടെത്താനായില്ല. വീടിന്റെ വിവിധ ഭാഗങ്ങളിൽ തുടർച്ചയായി പാമ്പിനെ കണ്ടതിനെ തുടർന്നാണ് പരിശോധനകൾ ശക്തമാക്കിയത്. ബാത്ത്റൂമിലെ പൈപ്പിലൂടെ പാമ്പ് കയറുന്നുവെന്ന സംശയവും ഉണ്ടായിരുന്നു. ഇതിന്റെ ഭാഗമായി ബാത്ത്റൂമിലെ സംശയിക്കുന്ന ഭാഗങ്ങൾ സീൽ ചെയ്യാൻ തീരുമാനിച്ചു.
വീടിനും പരിസര പ്രദേശങ്ങൾക്കും വനംവകുപ്പ് തുടർ നിരീക്ഷണം തുടരുമെന്ന് അറിയിച്ചു. അതേസമയം, ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അനോഷിനെ ഇനി വീട്ടിലേക്ക് കൊണ്ടുവരില്ലെന്ന് മാതാപിതാക്കൾ അറിയിച്ചു. “ഇനി ഭാഗ്യം പരീക്ഷിക്കാൻ ഇല്ല, വീട്ടിലെ സമാധാനം പൂർണമായി നഷ്ടപ്പെട്ടു,” എന്ന് പിതാവ് സിൽജോയും മാതാവ് ജോൺസിയും പ്രതികരിച്ചു.
ഇന്നലെയും വീട്ടിൽ നിന്ന് ഒരു പാമ്പിനെ കൂടി കണ്ടെത്തിയിരുന്നു. ശുചിമുറിയിൽ നിന്നാണ് പിടികൂടിയത്. ഇതോടെ വീട്ടിൽ നിന്ന് കണ്ടെത്തിയ പാമ്പുകളുടെ എണ്ണം അഞ്ചായി. ഇവ എല്ലാം ശംഖുവരൻ ഇനത്തിൽപ്പെട്ട പാമ്പുകളാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മുൻപ് പാമ്പുകടിയേറ്റ് എട്ട് വയസുകാരൻ മരിക്കുകയും മറ്റൊരു കുട്ടി ഗുരുതരാവസ്ഥയിലാകുകയും ചെയ്തിരുന്നു. തുടർന്ന് വനംവകുപ്പ് വീട്ടിന് ചുറ്റും തീയിട്ടും പരിശോധനകൾ ശക്തമാക്കിയിരുന്നു.
കഴിഞ്ഞ 19-നാണ് അനോഷിനും ആൻജോയ്ക്കും കിടപ്പുമുറിയിൽ ഉറങ്ങുന്നതിനിടെ പാമ്പുകടി ഏൽക്കുന്നത്. ആദ്യം വയറുവേദനയും തളർച്ചയും അനുഭവപ്പെട്ട കുട്ടികളെ ഭക്ഷ്യവിഷബാധയാണെന്ന് കരുതി ആശുപത്രിയിൽ എത്തിച്ചെങ്കിലും, പിന്നീട് പാമ്പുകടിയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ആശുപത്രിയിലെത്തിയ ശേഷം ഒരു കുട്ടിയുടെ ജീവൻ നഷ്ടമായിരുന്നു. തുടർന്നുള്ള സംഭവവികാസങ്ങൾ പ്രദേശവാസികളെയും കുടുംബത്തെയും വലിയ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.




