കുവൈത്ത് സിറ്റി: പശ്ചിമേഷ്യയിലെ സംഘർഷങ്ങളെ തുടർന്ന് ഫെബ്രുവരി 28 മുതൽ അടച്ചിട്ടിരുന്ന കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വീണ്ടും പ്രവർത്തനം ആരംഭിച്ചു. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് വിമാനത്താവളം തുറന്നത്. ഏകദേശം രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് സർവീസുകൾ പുനരാരംഭിക്കുന്നത്.
ആദ്യഘട്ടത്തിൽ ടെർമിനൽ 4, ടെർമിനൽ 5 എന്നിവ വഴി നിശ്ചിത കേന്ദ്രങ്ങളിലേക്കുള്ള വിമാന സർവീസുകൾ ഞായറാഴ്ച മുതൽ ആരംഭിക്കും. വരും ദിവസങ്ങളിൽ ഘട്ടംഘട്ടമായി മുഴുവൻ സർവീസുകളും പഴയ നിലയിലേക്കെത്തിക്കുമെന്ന് ഔദ്യോഗിക വാർത്താ ഏജൻസി അറിയിച്ചു.
ഇറാൻ നടത്തിയ ആക്രമണങ്ങളെത്തുടർന്ന് വിമാനത്താവളത്തിന് സംഭവിച്ച കേടുപാടുകൾ പരിഹരിച്ചിരിക്കുകയാണ്. സാങ്കേതിക വിഭാഗം അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി വിമാനത്താവളം പ്രവർത്തനക്ഷമമാണെന്ന് സ്ഥിരീകരിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ട് മാത്രമേ സർവീസുകൾ വ്യാപിപ്പിക്കുകയുള്ളൂവെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി ചെയർമാൻ ഷെയ്ഖ് ഹമൂദ് മുബാറക് അൽ സബാഹ് വ്യക്തമാക്കി.
പ്രതിസന്ധി കാലത്ത് കുവൈത്ത് വിമാനങ്ങൾക്ക് പിന്തുണ നൽകിയ സൗദി അറേബ്യയുൾപ്പെടെയുള്ള ജിസിസി രാജ്യങ്ങൾക്ക് അദ്ദേഹം നന്ദി അറിയിച്ചു. രണ്ടുമാസമായി യാത്ര തടസപ്പെട്ടിരുന്ന ആയിരക്കണക്കിന് പ്രവാസികൾക്ക് ഈ തീരുമാനം വലിയ ആശ്വാസമായിരിക്കുകയാണ്. ഉടൻ കൂടുതൽ എയർലൈൻ കമ്പനികൾ പുതിയ ഷെഡ്യൂളുകൾ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ.






