ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ‘മാർക്കോ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആന്റണി വർഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന, നവാഗതനായ പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ‘കാട്ടാളൻ’ സിനിമയിലൂടെ പറഞ്ഞ വാക്ക് പാലിച്ചിരിക്കുകയാണ് ക്യൂബ്സ് എന്റർടെയ്ൻമെന്റ്സ്. ഉണ്ണി മുകുന്ദൻ നായകനായി സൂപ്പർ ഹിറ്റായി മാറിയ പാൻ ഇന്ത്യൻ ചിത്രം ‘മാർക്കോ’യുടെ റീക്രിയേഷൻ ടീസർ ചെയ്യുന്നവരിൽ നിന്ന് തിരഞ്ഞെടുക്കുന്ന ആളുകൾക്ക് ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ അടുത്ത സിനിമയിൽ അവസരം കൊടുക്കുമെന്ന് പ്രൊഡ്യൂസർ ഷെരിഫ് മുഹമ്മദ് പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ താൻ കൊടുത്ത വാക്ക് ‘കാട്ടാളനി’ലൂടെ പാലിച്ചിരിക്കുകയാണ് ഷെരിഫ് മുഹമ്മദ്. റിക്രിയേഷൻ ടീസർ ഒരുക്കിയ യദു കൃഷ് എന്ന പുതുമുഖത്തിന് അവസരം കൊടുത്തുകൊണ്ടാണ് ഈ വാക്ക് അദ്ദേഹം പാലിച്ചിരിക്കുന്നത്.
ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന് നന്ദി അറിയിച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിൽ യദു കൃഷ് പങ്കുവെച്ചിരിക്കുന്ന വീഡിയോ ഏവരും ഏറ്റെടുത്തിരിക്കുകയാണ്. ആന്റണി വർഗീസ് പെപ്പെ നായകനായെത്തുന്ന ചിത്രത്തിൽ നായികയായെത്തുന്നത് രജിഷ വിജയനാണ്. മലയാളത്തിൽ നിന്നുള്ളവരും പാൻ ഇന്ത്യൻ താരങ്ങളും അടക്കം വലിയൊരു താരനിരയാണ് ചിത്രത്തിൽ ഒരുമിക്കുന്നത്. പാൻ ഇന്ത്യൻ താരങ്ങളായ സുനിൽ, കബീർ ദുഹാൻ സിങ് എന്നിവരേയും ജഗദീഷ്, സിദ്ധിഖ്, ആൻസൺ പോള്‍, രാജ് തിരൺദാസു, ഷോൺ ജോയ് തുടങ്ങിയ ശ്രദ്ധേയ താരങ്ങളേയും റാപ്പർ ബേബി ജീനിനേയും ഹനാൻ ഷായേയും കിൽ താരം പാർത്ഥ് തീവാരിയേയും ചിത്രത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് അടുത്തിടെ പോസ്റ്ററുകള്‍ എത്തിയിരുന്നത് വലിയ ശ്രദ്ധ നേടിയിരുന്നു.






