തിരുവനന്തപുരം: സംസ്ഥാനത്തുടനീളമുള്ള കാലാവസ്ഥാ വ്യതിയാനങ്ങളുടെ പശ്ചാത്തലത്തിൽ കേരളത്തിലെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്നു മുതൽ ഉച്ചക്ക് ശേഷവും രാത്രിയിലും ഇടിമിന്നലോടുകൂടിയ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മലയോര മേഖലയിലും ഇടനാട് പ്രദേശങ്ങളിലുമാണ് കൂടുതൽ മഴയ്ക്ക് സാധ്യതയുള്ളത്. കാറ്റിന്റെ അസ്ഥിരതയാണ് ഈ കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് കാരണമെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. സാധാരണ കാലവർഷക്കാറ്റ് ദുർബലമായ സാഹചര്യത്തിലാണ് ഇത്തരമൊരു മാറ്റം സംഭവിക്കുന്നത്. ഇതിനിടെ, അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.




