സ്‌പോട്ടിഫൈയില്‍ ഇനി മറ്റുള്ളവര്‍ക്ക് സന്ദേശങ്ങൾ അയക്കാം. അതിനായി പുതിയ ഡയറക്ട് മെസേജിങ് സേവനം അവതരിപ്പിക്കുകയാണ് സ്‌പോട്ടിഫൈ. പുതിയ അപ്‌ഡേറ്റിലുടെ മറ്റ് മെസേജിങ് ആപ്പുകളെ പോലെ തന്നെ ഒരു വ്യക്തിയുമായുള്ള സ്വകാര്യ ചാറ്റിലോ ഗ്രൂപ്പ് ചാറ്റിലോ സന്ദേശങ്ങള്‍ അയക്കാനും മ്യൂസിക് ട്രാക്കുകള്‍ പങ്കുവെക്കാനും കഴിയും. പാട്ട് അയക്കാനും അതിനോടൊപ്പം കുറിപ്പ് പങ്കുവെക്കാനും സാധിക്കും.
മ്യൂസിക് ട്രാക്ക് മാത്രമല്ല പ്ലേലിസ്റ്റും പങ്കുവെക്കാം. പ്രീമിയം ഉപഭോക്താക്കള്‍ക്കും, സൗജന്യ ഉപഭോക്താക്കള്‍ക്കും ആന്‍ഡ്രോയിഡിലും ഐഒഎസിലും ഈ ഫീച്ചര്‍ ലഭിക്കും. ഈ അപ്‌ഡേറ്റ് ഘട്ടം ഘട്ടമായാണ് സ്‌പോട്ടിഫൈ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്. അതിനാല്‍ തന്നെ എല്ലാ ഫോണുകളിലും ഈ ഫീച്ചര്‍ ലഭ്യമാകണം എന്നില്ല. പ്രാരംഭഘട്ടമെന്ന നിലയിൽ ചില രാജ്യങ്ങളിലാണ് ഇത് ലഭ്യമാകുക.




