കണ്ണൂർ: ബൈക്ക് വൈദ്യുതി തൂണിൽ ഇടിച്ച് തീപിടിച്ച് യുവാവ് മരിച്ചു. പുളിയനമ്പ്രം സ്വദേശി മുഹമ്മദ് തസ്‍ലീം ആണ് മരിച്ചത്. ഇരിട്ടി–മട്ടന്നൂർ റോഡിലെ ഉളിയിൽ നരയമ്പാറയിൽ ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടം സംഭവിച്ചത്.
ബംഗളൂരു ഭാഗത്തുനിന്ന് പെരിങ്ങത്തൂർ ഭാഗത്തേക്ക് വരികയായിരുന്ന തസ്‍ലീമിന്റെ ബൈക്ക് നരയമ്പാറ പെട്രോൾ പമ്പിന് സമീപം റോഡരികിലെ വൈദ്യുതി തൂണിൽ ഇടിച്ച് നിയന്ത്രണം വിട്ട് ഓവുചാലിലേക്ക് വീണു. അപകടത്തിന് പിന്നാലെ ബൈക്കിന് തീപിടിക്കുകയായിരുന്നു.
ബൈക്കിന്റെ അടിയിൽ കുടുങ്ങിയ തസ്‍ലീമിന് പുറത്തേക്ക് രക്ഷപ്പെടാൻ സാധിച്ചില്ല. നാട്ടുകാർ എത്തി പുറത്തെടുക്കുമ്പോഴേക്കും 80 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.




