ദിസ്പൂര്‍: ഗുവാഹത്തിയിൽ നൈറ്റ് ക്ലബിലെത്തിയ യുവതിക്ക് ക്രൂരമർദനം. ക്ലബിലെ വനിതാ-പുരുഷ ബൗൺസർമാർ ചേർന്നാണ് യുവതിയെ ആക്രമിച്ചത്. വ്യാഴാഴ്ച രാത്രി ഗുവാഹത്തിയിലെ ‘ദി ലോക്കൽസ് കഫേ ആൻഡ് ലോഞ്ചി’ലായിരുന്നു സംഭവം.
യുവതിയെ വിവസ്ത്രയാക്കി നിലത്തിട്ട് ചവിട്ടുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. വനിതാ ബൗൺസർമാരാണ് ആക്രമണത്തിന് നേതൃത്വം നൽകിയതെന്നാണ് പുറത്തുവരുന്ന വിവരം. ബൗൺസർമാരിൽ ഒരാളും യുവതിയും തമ്മിൽ തർക്കമുണ്ടായതിന് പിന്നാലെ ബിയർ കുപ്പികൊണ്ട് യുവതിയുടെ തലയ്ക്ക് അടിച്ചതായും റിപ്പോർട്ടുണ്ട്.
ക്ലബ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് യുവതിയെ വലിച്ചിഴച്ച് പാർക്കിങ് ഏരിയയിലെത്തിക്കുന്നതിന്റെയും മർദിക്കുന്നതിന്റെയും ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. എന്നാൽ യുവതിയെ മർദിക്കാനുണ്ടായ കാരണം എന്താണെന്നോ തർക്കത്തിന് പിന്നിലെ സാഹചര്യം എന്താണെന്നോ വ്യക്തമായിട്ടില്ല.
സംഭവത്തിൽ പൊലീസ് സ്വമേധയാ കേസെടുത്തു. ക്ലബ് മാനേജർ ഉൾപ്പെടെ രണ്ട് പേരെ അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്ന് ഗുവാഹത്തി പൊലീസ് കമ്മീഷണർ പാർഥസാരഥി മഹന്ത അറിയിച്ചു.
സംഭവത്തിന് പിന്നാലെ നൈറ്റ് ക്ലബ് അടച്ചിട്ടിരിക്കുകയാണ്. ക്ലബ് ജീവനക്കാരോ അധികൃതരോ സംഭവത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.




