ന്യൂഡൽഹി: നെഹ്‌റു പ്ലേസിൽ രണ്ട് യുവതികൾക്ക് നേരെ അതിക്രമവും വംശീയാധിക്ഷേപവും ഉണ്ടായ സംഭവത്തിൽ നാല് പേർ പൊലീസ് പിടിയിൽ. അസം, ബിഹാർ സ്വദേശികളായ രണ്ട് യുവതികളാണ് ഞായറാഴ്ച രാവിലെ ചായ കുടിക്കാനിറങ്ങിയപ്പോൾ ഒരു സംഘത്തിന്റെ ആക്രമണത്തിന് ഇരയായത്. യുവതികളെ ശല്യം ചെയ്തതിനെ ചോദ്യം ചെയ്തതോടെയാണ് അതിക്രമം നടത്തിയതെന്ന് പരാതിയിൽ പറയുന്നു.
ആക്രമണത്തിനിടെ ഒരു യുവതിയുടെ വസ്ത്രങ്ങൾ വലിച്ചുകീറുകയും മുളവടി ഉപയോഗിച്ച് അടിക്കുകയും ചെയ്തതായി പരാതിയുണ്ട്. രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പോലും സംഘം പിന്തുടർന്ന് ആക്രമിച്ചുവെന്നും യുവതികൾ ആരോപിച്ചു.സംഭവം കണ്ടിരുന്നവർ ഇടപെടാതിരുന്നതായും യുവതികൾ പറഞ്ഞു. യുവതികൾ പകർത്തിയ ദൃശ്യങ്ങളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച ശേഷം പൊലീസ് നാല് പ്രതികളെ അറസ്റ്റ് ചെയ്തു.
മുഹമ്മദ് ഫഹദ്, മുഹമ്മദ് സാവേജ്, മുഹമ്മദ് ആരിഫ്, അമൻ എന്നിവരാണ് പിടിയിലായത്. മദ്യലഹരിയിലായിരുന്ന പ്രതികൾ അസഭ്യവർഷവും വംശീയാധിക്ഷേപവും നടത്തിയതും ദൃശ്യങ്ങളിൽ വ്യക്തമാണെന്ന് പൊലീസ് അറിയിച്ചു. കൽക്കാജി പൊലീസ് സ്റ്റേഷനിൽ വിവിധ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുന്നു.






