മാവേലിക്കര: ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ചുകൊണ്ടുള്ള കൊടി തോരണങ്ങൾ നശിപ്പിച്ചതിന് അജയ് കൃഷ്ണൻ നെ മാവേലിക്കര പൊലീസും ചെങ്ങന്നൂർ ഡി. വൈ. എസ്. പി. യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും ചേർന്ന് പിടികൂടി. സംഭവത്തിന് പരാതി ലഭിച്ചതിനുശേഷം ജില്ല പോലീസ് മേധാവി എം. പി. മോഹനചന്ദ്രൻ നായർ ഐ. പി. എസിന്റെ നിർദേശപ്രകാരം എം. കെ. ബിനുകുമാറിന്റെ മേൽനോട്ടത്തിൽ അന്വേഷണം ആരംഭിച്ചു.
പൈൻമൂട് ജങ്ഷൻ മുതൽ കുന്നം ധർമ്മശാസ്താ ക്ഷേത്രത്തിന് മുന്നിലെല്ലാം കെട്ടിയിരുന്ന കൊടികൾ നശിപ്പിക്കുകയും, ചില കൊടികൾ തഴക്കര വേണാട് ജങ്ഷൻ സമീപമുള്ള സിപിഎം പാർട്ടി ഓഫീസിനു മുന്നിൽ കൊണ്ടുപോയി നശിപ്പിച്ചതായി കണ്ടെത്തി.
കുന്നത്തേയും സമീപ പ്രദേശങ്ങളിലെയും സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പ്രതി ബൈക്കിൽ എത്തി കൊടികൾ നശിപ്പിക്കുന്ന ദൃശ്യങ്ങൾ സ്ഥിരീകരിച്ചു. തുടർ പരിശോധനയിലും വിവിധ ദൃശ്യങ്ങൾ പരിശോധിച്ചതിനുശേഷം പ്രതിയെ പിടികൂടാൻ സാധിച്ചു.
മാവേലിക്കര ഇൻസ്‌പെക്ടർ സി. ശ്രീജിത്ത്, എസ്.ഐ. ഇ. നൗഷാദ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ഉണ്ണികൃഷ്ണപിള്ള, മുഹമ്മദ് ഷഫീക്, അരുൺ ഭാസ്ക്കർ, സിവിൽ പോലീസ് ഓഫീസർ അനന്ത മൂർത്തി എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.










