കോഴിക്കോട്: ട്രെയിൻ യാത്രക്കാരനായ വിദ്യാർത്ഥിയുടെ ഒരു ലക്ഷം രൂപ വിലവരുന്ന ലാപ്‌ടോപ്പ് മോഷ്ടിച്ച കേസിൽ ഒരാളെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കൽപകഞ്ചേരി തലക്കാട് സ്വദേശി അബു സാലിഹി (37) ആണ് പിടിയിലായത്.
തിരുവനന്തപുരത്ത് നിന്ന് മംഗളൂരുവിലേക്ക് പോകുകയായിരുന്ന മലബാർ എക്‌സ്പ്രസ് ട്രെയിനിലെ എ.സി കോച്ചിലാണ് മോഷണം നടന്നത്. വിദ്യാർത്ഥിയുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചതോടെ അബു സാലിഹിന്റെ സാന്നിധ്യം സ്ഥിരീകരിക്കുകയും പിന്നാലെ അറസ്റ്റ് നടത്തുകയുമായിരുന്നു. റെയിൽവേ പോലീസ് എസ്‌ഐ പ്രദീപ് കുമാർ, എഎസ്‌ഐ ഷെമീർ, സീനിയർ സിവിൽ പോലീസ് ഓഫീസർ വിജേഷ്, ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ ജോസ്, അഖിലേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി.




