കോഴിക്കോട്: വില്‍പനക്കായി എത്തിച്ച ലഹരി ഉൽപ്പന്നങ്ങളുമായി യുവാവ് കോഴിക്കോട് പിടിയിൽ. മലപ്പുറം രണ്ടത്താണി സ്വദേശി അബ്ദുല്‍ നാസര്‍ (39)ആണ് പിടിയിലായത്. ഇയാളുടെ കൈവശമുണ്ടായിരുന്ന 1.633 കിലോഗ്രാം കഞ്ചാവും, 19.210 ഗ്രാം എംഡിഎംഎയും പൊലീസ് പിടിച്ചെടുത്തു. ഡ്രൈവർ സീറ്റിന് പുറകിലായുണ്ടാക്കിയ രഹസ്യ അറയിലാണ് എംഡിഎംഎ സൂക്ഷിച്ചിരുന്നത്. ഡിക്കിയിൽ സൂക്ഷിച്ച സ്റ്റെപ്പിനി ടയറിന് അടിയിൽ നിന്ന് കഞ്ചാവും ഒളിപ്പിച്ചിരുന്നു. മൊത്തം അഞ്ച് ലക്ഷത്തോളം രൂപയുടെ ലഹരിവസ്തുക്കളാണ് പിടിച്ചതെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം കോഴിക്കോട് ജയില്‍ പരിസരത്ത് വച്ചാണ് ഇയാൾ പിടിയിലായത്. ജയിലിന് സമീപത്തൂടെ അസാധാരണ വേഗതയില്‍ ഓടിച്ച കാർ പൊലീസ് കൈ കാണിച്ചിട്ടും നിർത്തിയിരുന്നില്ല. മുന്നോട്ട് പോയ കാർ പുതിയറ ജംഗ്ഷനിലെ ബ്ലോക്കില്‍പ്പെട്ടു. പിന്തുടർന്ന് വന്ന പൊലീസ് പിടികൂടുമെന്ന് മനസിലാക്കിയ നാസർ വാഹനം തിരികെ ജയിൽ ഭാഗത്തേക്ക് ഓടിച്ചു. എന്നാൽ പൊലീസുകാർ പിന്തുടർന്ന് വന്ന് തടയുകയുമായിരുന്നു. പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ നടത്തിയ നീക്കമാണ് പൊലീസിൻ്റെ സംശയം ബലപ്പെടുത്തിയത്. തുടർന്ന് വാഹനം വിശദമായി പരിശോധിച്ചപ്പോഴാണ് കഞ്ചാവും എംഡിഎംഎയും കണ്ടെത്തിയത്.







