കൊച്ചി: കളമശ്ശേരിയിൽ കഞ്ചാവുമായി യുവാവ് പിടിയിലായി. മഞ്ഞുമ്മൽ എംഎൽഎ റോഡിന് സമീപമുള്ള കൂനത്ത് വീട്ടിൽ കെ.ആർ. രാഹിൻ ആണ് അറസ്റ്റിലായത്. കളമശ്ശേരി–വട്ടേക്കുന്നം–മേക്കേരി ലൈൻ റോഡിൽ സ്‌കൂട്ടറുമായി നിന്ന ഇയാളെ സംശയത്തെ തുടർന്ന് പൊലീസ് പരിശോധിച്ചപ്പോൾ, വിൽപ്പനയ്ക്കായി സൂക്ഷിച്ച 2.144 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.
കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യയുടെ നിർദ്ദേശപ്രകാരം നഗരത്തിൽ വ്യാപകമായ ലഹരി പരിശോധനകൾ നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു. ഡാൻസാഫ് ടീമിന്റെയും നഗര പൊലീസിന്റെയും സംയുക്ത നേതൃത്വത്തിലാണ് പരിശോധനകൾ പുരോഗമിക്കുന്നത്.
ഡിസിപിമാരായ അശ്വതി ജിജി, ജുവനപ്പുടി മഹേഷ് എന്നിവരുടെ മേൽനോട്ടത്തിലും, നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ കെ.എ. അബ്ദുൾ സലാമിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമിന്റെയും നേതൃത്വത്തിലായിരുന്നു പ്രതിയെ പിടികൂടിയത്.






