കോഴിക്കോട്: അരയിടത്തുപാലം മേൽപാലത്തിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. തിരുവമ്പാടി സ്വദേശി അൻസാബിത്താണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് അപകടം ഉണ്ടായത്.
രണ്ട് ബൈക്കുകളും ഒരു കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിന്റെ ആഘാതത്തിൽ ബൈക്കിന് പിന്നിലിരുന്ന അൻസാബിത്ത് മേൽപാലത്തിൽ നിന്ന് താഴെയുള്ള റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവ് സംഭവസ്ഥലത്ത് തന്നെ മരിച്ചു.
ബൈക്ക് ഓടിച്ചിരുന്ന റബിൽ, മറ്റൊരു ബൈക്കിലുണ്ടായിരുന്ന ജിതിൻ, കാർ ഓടിച്ചിരുന്ന ജിനു എന്നിവർക്ക് പരിക്കേറ്റു. ഇവർ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.






