കോഴിക്കോട്: താമരശ്ശേരി ഗവ. ഹയർ സെക്കന്ററി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കാണാനില്ലെന്ന് പരാതി. വീട്ടിൽ നിന്ന് യൂണിഫോമിൽ സ്‌കൂളിലേക്ക് പുറപ്പെട്ട കുട്ടി ക്ലാസിൽ എത്തിയില്ലെന്നാണ് വിവരം.
അധ്യാപിക വിളിച്ച് അന്വേഷിച്ചതോടെയാണ് കുട്ടി സ്കൂളിൽ എത്തിയിട്ടില്ലെന്ന് വീട്ടുകാർക്ക് വിവരമറിയുന്നത്. തുടർന്ന് നടത്തിയ തിരച്ചിലിൽ സ്‌കൂളിന് സമീപമുള്ള പറമ്പിൽ കുട്ടിയുടെ യൂണിഫോം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
സ്കൂളിലെ +2 വിദ്യാർത്ഥിയായ ഒരു ആൺകുട്ടിക്കൊപ്പം ബൈക്കിൽ പോകുന്ന ചിത്രം കുട്ടിയുടെ രക്ഷിതാക്കൾക്ക് ലഭിച്ചതായി റിപ്പോർട്ടുണ്ട്. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
പ്രാഥമിക അന്വേഷണത്തിൽ കുട്ടി വയനാട് വഴി കർണാടകയിലേക്ക് കടന്നതായാണ് സൂചന. ഇരുവരുടെയും ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. പോലീസ് അന്വേഷണം തുടരുകയാണ്.






