തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് കാസർഗോഡ്, കണ്ണൂർ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ അടുത്ത ഒരാഴ്ച കാലവർഷം കൂടുതൽ ശക്തമാകാനാണ് സാധ്യത. ജൂൺ 28ന് തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ജൂൺ 29ന് വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജൂൺ 30നും മഴ ശക്തമായി തുടരുമെന്നാണ് മുന്നറിയിപ്പ്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും വയനാട് മുതൽ ഇടുക്കി വരെയുള്ള ആറു ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ടാകും.
മലയോര മേഖലകളിൽ താമസിക്കുന്നവർ പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് നിർദേശിച്ചു. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ അധികൃതരുടെ നിർദേശപ്രകാരം സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണം.
നദിക്കരകളിലും അണക്കെട്ടുകളുടെ താഴ്ന്ന പ്രദേശങ്ങളിലുമുള്ളവരും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണം. ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിൽ തുറന്നിരിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പകൽ സമയത്ത് തന്നെ മാറി താമസിക്കാനും നിർദേശമുണ്ട്.
ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ബലക്കുറവുള്ള വീടുകളിലും സുരക്ഷിതമല്ലാത്ത മേൽക്കൂരയുള്ള വീടുകളിലും താമസിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.






