മലപ്പുറം: യൂത്ത് ലീഗ് പ്രവർത്തകനായിരുന്ന ഓട്ടോ ഡ്രൈവര്‍ ഒതായി പള്ളിപ്പറമ്പന്‍ മനാഫിനെ കൊലപ്പെടുത്തിയ കേസിൽ നവംബർ 28ന് വിധി പറയും. മഞ്ചേരി അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി ജഡ്ജി എ.വി. ടെല്ലസാണ് കേസ് പരിഗണിക്കുന്നത്. വാദം പൂര്‍ത്തിയായശേഷം ശനിയാഴ്ച കേസ് പരിഗണിച്ച കോടതി വിധി പറയാനായി 28ലേക്ക് മാറ്റുകയായിരുന്നു. മുന്‍ എം.എല്‍.എ പി.വി. അന്‍വറിന്റെ സഹോദരീപുത്രന്മാരടക്കം കൊലപാതകം നടന്ന് 25 വര്‍ഷം ഒളിവിലായിരുന്ന നാലു പ്രതികളാണ് വിചാരണ നേരിട്ടത്.
പി.വി. അന്‍വറിന്റെ സഹോദരീപുത്രന്മാരായ കേസിലെ ഒന്നാം പ്രതി മാലങ്ങാടന് ഷെഫീഖ്, സഹോദരനും മൂന്നാം പ്രതിയുമായ മാലങ്ങാടന് ഷെരീഫ് എന്നിവരും 17ാം പ്രതി നിലമ്പൂര്‍ ജനതപ്പടി കോട്ടപ്പുറം മുനീബ്, 19ാം പ്രതി എളമരം മപ്രം പയ്യനാട്ട്തൊടിക കബീര്‍ എന്ന ജാബിര്‍ എന്നിവരുമാണ് വിചാരണ നേരിട്ടത്.പി.വി.അൻവർ ഉൾപ്പെടെ 26 പേരാണ് കേസിൽ പ്രതികളായത്. പ്രധാന സാക്ഷി കൂറുമാറിയതോടെ നാലാം പ്രതിയായ പി.വി അൻവർ അടക്കം 21 പ്രതികളെ വെറുതെ വിടുകയായിരുന്നു.
കേസ് നടന്നു കൊണ്ടിരിക്കുന്നതിനിടയിൽ പി.വി. ഷൗക്കത്തലി മരിക്കുകയും ചെയ്തു. നേരത്തെ, പി.വി അൻവറിന്റെ യു.ഡി.എഫ് പ്രവേശനത്തിനെതിരെ ഒതായി മനാഫിന്റെ കുടുംബം രംഗത്തെത്തിയിരുന്നു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ നേരിൽകണ്ട ഒതായി മനാഫിന്റെ കുടുംബം അൻവറിനെ യു.ഡി.എഫ് പ്രവേശനത്തിൽ ആശങ്ക അറിയിച്ച് കത്തും നൽകിയിരുന്നു. മനാഫിന്റെ രക്തസാക്ഷിത്വത്തെ അപമാനിച്ചാണ് അൻവർ യു.ഡി.എഫിൽ പ്രവേശിക്കാൻ ശ്രമിക്കുന്നതെന്നും അൻവറിനെ ലീഗിലോ യു.ഡി.എഫിലോ എടുത്ത് മനാഫിന്റെ ഓർമകളെ അവഹേളിക്കരുതെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു.
1995 ഏപ്രില്‍ 13ന് ഒതായി അങ്ങാടിയില്‍ നാട്ടുകാര്‍ നോക്കിനില്‍ക്കെ പട്ടാപ്പകല്‍ 11.30ഓടെ പള്ളിപ്പറമ്പൻ അബ്ദുൽ മനാഫിനെ (29) അടിച്ചും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. ഓട്ടോ ഡ്രൈവറായിരുന്ന മനാഫിനെ പിതാവ് ആലിക്കുട്ടിയുടെ കൺമുന്നിലിട്ടാണ് കൊന്നത്. സി.ബി.ഐയുടെ മുന്‍ സീനിയര്‍ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ വി.എന്‍. അനില്‍കുമാറാണ് സ്പെഷല്‍ പ്രോസിക്യൂട്ടര്‍.
എടവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.വി. ഷൗക്കത്തലിയുടെ വീട്ടിൽവെച്ച് മകൻ പി.വി. അൻവറിന്റെയും മാലങ്ങാടൻ ഷെഫീഖ്, മാലങ്ങാടൻ സിയാദ്, മാലങ്ങാടൻ ഷെരീഫ് എന്നിവരുടെയും നേതൃത്വത്തിൽ ഗൂഢാലോചന നടത്തി. പിന്നീട് മാരകായുധങ്ങളുമായി എത്തിയ സംഘം അബ്ദുൽ മനാഫിന്റെ വീടുകയറി അക്രമിക്കുകയും തുടർന്ന് ഒതായി അങ്ങാടിയിലെത്തി അബ്ദുൽ മനാഫിനെ വെട്ടിക്കൊലപ്പെടുത്തുകയും ചെയ്തു എന്നാണ് കേസ്.






