കോഴിക്കോട്: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്ന പരാതിയിൽ യൂട്യൂബർ അശ്വന്ത് കോക്കിനെതിരെ പൊലീസ് കേസെടുത്തു. അപകടകരമായി വാഹനമോടിച്ചതിനും മദ്യപിച്ച് വാഹനമോടിച്ചതിനുമാണ് കേസ്.
ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് കോഴിക്കോട് എരഞ്ഞിപ്പാലം ജംഗ്ഷനിൽ അപകടമുണ്ടായത്. അശ്വന്ത് കോക്ക് ഓടിച്ച മഹീന്ദ്ര ഥാർ കൊട്ടാരം റോഡിൽ നിർത്തിയിട്ടിരുന്ന കാറിൽ ഇടിക്കുകയായിരുന്നു എന്നാണ് പരാതി.
അപകടത്തിൽ മറ്റൊരു വാഹനത്തിനും നാശനഷ്ടമുണ്ടായതായി പരാതിയുണ്ട്. ഭിന്നശേഷിക്കാരൻ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തിലും ഥാർ ഇടിച്ചിരുന്നുവെന്നാണ് പരാതിക്കാർ പറയുന്നത്. കാർ ഉടമയും ഇരുചക്രവാഹന യാത്രക്കാരും പൊലീസിൽ പരാതി നൽകി. അപകടത്തിന് പിന്നാലെ സ്ഥലത്തെത്തിയ നാട്ടുകാരുമായി അശ്വന്ത് തർക്കിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സ്ഥലത്തെത്തിയ പൊലീസുകാരോടും ഇയാൾ തർക്കിച്ചെന്നാണ് വിവരം.
അശ്വന്തിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് കോഴിക്കോട് ബീച്ച് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. പിന്നീട് ജാമ്യത്തിൽ വിട്ടു. അശ്വന്ത് ഓടിച്ച വാഹനത്തിൽ നിന്ന് രണ്ട് കുപ്പി മദ്യം കണ്ടെത്തിയതായും പൊലീസ് അറിയിച്ചു. വാഹനം പൊലീസ് കസ്റ്റഡിയിലാണ്. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം തുടരുകയാണ്.




