കോട്ടയം: ചെറിയ വള്ളത്തിൽ സൂക്ഷിച്ചിരുന്ന 580 ഗ്രാം കഞ്ചാവുമായി യുട്യൂബർ പിടിയിൽ. വെട്ടിക്കാട്ടുമുക്ക് പാലത്തിനുസമീപം ആറാട്ടുകടവിൽ ഞായറാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. വെള്ളൂർ വടകര അരിഞ്ഞാമൂഴിയിൽ അഭിജിത്ത് സാബു (29) ആണ് പിടിയിലായത്.
ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് ഡൻസാഫ് അംഗങ്ങളും തലയോലപ്പറമ്പ് പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. വള്ളത്തിൽ യാത്രചെയ്ത് ചൂണ്ടയിട്ട് മീൻപിടിച്ച് റീൽസുചെയ്ത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റുചെയ്തിരുന്നയാളാണ് അഭിജിത്ത്.
കടവിൽ കെട്ടിയിട്ടിരുന്ന വള്ളത്തിലേക്ക് കയറാനെത്തിയപ്പോഴാണ് പിടിയിലായത്. വള്ളത്തിൽ ഒളിപ്പിച്ചുെവച്ചിരുന്ന കഞ്ചാവ് പോലീസ് കണ്ടെടുത്തു. യുവതികളുൾപ്പെടെയുള്ള ആവശ്യക്കാർക്ക് വില്പനയ്ക്കായി കരുതിയിരുന്ന കഞ്ചാവാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. യുവാവിനെതിരേ തലയോലപ്പറമ്പ് പോലീസ് കേസ് രജിസ്റ്റർചെയ്തു.






