കൊച്ചി: സിപിഎം നേതാവ് കെ ജെ ഷൈനിനെ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ യുട്യൂബർ യാസർ എടപ്പാൾ അറസ്റ്റിൽ. വിദേശത്തുനിന്ന് തിരിച്ചെത്തിയ ഇയാളെ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ആലുവ റൂറൽ സൈബർ പോലീസ് പിടികൂടിയത്. യുട്യൂബർ കെ എം ഷാജഹാൻ, കോൺഗ്രസ് നേതാവ് സി. കെ ഗോപാലകൃഷ്ണൻ എന്നിവർ ഒന്നും രണ്ടും പ്രതികളായ കേസിൽ മൂന്നാം പ്രതിയാണ് യാസർ. ഇവരെ നേരത്തെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു.
വിദേശത്തായിരുന്ന യാസറിനെ കണ്ടെത്താനായില്ലാത്തതിനാൽ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് നാട്ടിലെത്തിയപ്പോൾ അറസ്റ്റ് ചെയ്യുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിലൂടെ അപവാദ പ്രചാരണം നടത്തിയെന്നാണ് പരാതി. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. മുൻപ് കെടി ജലീലിനെ അപകീർത്തിപ്പെടുത്തിയ കേസിലും 2021-ൽ യാസർ എടപ്പാൾ അറസ്റ്റിലായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.






