ഒട്ടാവ: കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥിയായ കാർത്തിക് വാസുദേവിനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയായ കനേഡിയൻ പൗരൻ റിച്ചാർഡ് എഡ്വിന് കോടതി ജീവപര്യന്തം തടവിന് ശിക്ഷ വിധിച്ചു. ടൊറന്റോ കോടതിയാണ് നാല് വർഷത്തെ നിയമനടപടികൾക്ക് ശേഷം വിധി പ്രസ്താവിച്ചത്.
പ്രതിക്ക് സ്കീസോഫ്രീനിയയുണ്ടെന്ന വാദം കോടതി പരിഗണിച്ചെങ്കിലും, കുറ്റകൃത്യം നടത്തുമ്പോൾ ശരിയും തെറ്റും തിരിച്ചറിയാനുള്ള ശേഷി ഉണ്ടായിരുന്നുവെന്ന് വിലയിരുത്തി. അതിനാൽ ക്രിമിനൽ ഉത്തരവാദിത്തമില്ല’(NCR) എന്ന പ്രതിഭാഗ വാദം കോടതി തള്ളി.
ഫസ്റ്റ് ഡിഗ്രി കൊലപാതകക്കുറ്റത്തിലാണ് ശിക്ഷ. 2022 ഏപ്രിൽ 7-ന് ടൊറന്റോയിലെ ഷെർബോൺ സ്റ്റേഷനു സമീപം നടന്നുപോവുകയായിരുന്ന കാർത്തിക്കിനെ പിന്നിൽ നിന്ന് വെടിവെച്ചാണ് കൊലപ്പെടുത്തിയത്. സെനെക്ക കോളേജ് വിദ്യാർത്ഥിയായിരുന്ന കാർത്തിക് പഠനത്തിനായി കാനഡയിലെത്തിയതിന് പിന്നാലെയാണ് ദുരന്തം സംഭവിച്ചത്. ഇതേ പ്രതി സമാന രീതിയിൽ മറ്റൊരാളെയും കൊലപ്പെടുത്തിയതായും കണ്ടെത്തിയിട്ടുണ്ട്.




