കോട്ടയം: രണ്ടാം കുട്ടനാട് പാക്കേജിന്റെ ഭാഗമായി വേമ്പനാട്ടുകായലിലെ പഴുക്കാനില കായൽ ശുചീകരണത്തിന് കിഫ്ബി 103.73 കോടി രൂപയുടെ ഫണ്ട് അനുവദിച്ചു. കോട്ടയം നഗരസഭയോടും തിരുവാർപ്പ് പഞ്ചായത്തിനോടും ചേർന്നു കിടക്കുന്ന ഈ പ്രദേശം ശുചീകരിക്കുന്നതിലൂടെ മേഖലയിലെ വെള്ളപ്പൊക്ക ദുരിതത്തിന് ശാശ്വത പരിഹാരം കാണാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കൂടാതെ വിനോദസഞ്ചാര ഭൂപടത്തിൽ ശ്രദ്ധേയമായ മലരിക്കൽ ആമ്പൽ ഗ്രാമത്തിന്റെ വികസനത്തിനായി 104 കോടി രൂപയുടെ പ്രത്യേക പദ്ധതിയും കിഫ്ബി ആവിഷ്കരിച്ചിട്ടുണ്ട്.
വർഷങ്ങളായി നദികളിലൂടെ ഒഴുകിയെത്തുന്ന എക്കൽ അടിഞ്ഞുകൂടി രൂപപ്പെട്ട തുരുത്തുകൾ മൂലമാണ് ഈ ഭാഗത്ത് വെള്ളപ്പൊക്കം രൂക്ഷമാകുന്നത്. പുതിയ പദ്ധതി പ്രകാരം കായലിൽ അടിഞ്ഞുകൂടിയ എക്കൽ കോരിയെടുത്ത് തിരുവാർപ്പ് പഞ്ചായത്തിലെ ജെ. ബ്ലോക്ക് 9000, തിരുവായ്‌ക്കരി, കോട്ടയം മുനിസിപ്പാലിറ്റിയുടെ ഭാഗമായ എഫ്. ബ്ലോക്ക് എന്നീ പാടശേഖരങ്ങളുടെ ബണ്ടുകൾ ബലപ്പെടുത്തും. ഏകദേശം 27.8 കിലോമീറ്റർ വരുന്ന പുറം ബണ്ടുകൾ ഇത്തരത്തിൽ ബലപ്പെടുത്തി ഗതാഗതയോഗ്യമാക്കുന്നതോടെ നെൽകൃഷി സംരക്ഷിക്കാനും പ്രദേശത്തെ യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്താനും സാധിക്കുമെന്ന് അധികൃതർ അറിയിച്ചു.






