മൈസൂരു: മൈസൂരു ജയദേവ ആശുപത്രിയിൽ 24 മണിക്കൂറിനിടെ 11 രോഗികൾ മരിച്ചതായി റിപ്പോർട്ട്. ഇന്നലെ രാവിലെ 8 മണിക്കും ഇന്ന് രാവിലെ 8 മണിക്കും ഇടയിലാണ് മരണങ്ങൾ സംഭവിച്ചത്. ഹൃദയസംബന്ധമായ രോഗങ്ങൾക്ക് ചികിത്സയിലായിരുന്നവരാണ് മരിച്ച എല്ലാവരും.
സംഭവത്തിൽ അസ്വാഭാവികതയില്ലെന്നും ചികിത്സാ പിഴവുകളോ ആശുപത്രിയുടെ ഭാഗത്ത് വീഴ്ചകളോ ഉണ്ടായിട്ടില്ലെന്നും ആശുപത്രി സൂപ്രണ്ട് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. അതീവ ഗുരുതരാവസ്ഥയിലായിരുന്ന രോഗികളാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
കർണാടക സർക്കാരിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ മൈസൂരു ബ്രാഞ്ചിലാണ് സംഭവം. ഹൃദ്രോഗ ചികിത്സയ്ക്ക് പ്രത്യേകമായി ശ്രദ്ധ നൽകുന്ന പ്രമുഖ ആശുപത്രിയാണിത്.
മരണങ്ങൾക്കു പിന്നാലെ ആശുപത്രിയിൽ സംഘർഷാവസ്ഥയും റിപ്പോർട്ട് ചെയ്തു. ഐസിയുവിൽ ആവശ്യത്തിന് ഡോക്ടർമാർ ഉണ്ടായിരുന്നില്ലെന്ന ആരോപണം രോഗികളുടെ കൂട്ടിരിപ്പുകാർ ഉയർത്തിയെങ്കിലും ഇത് ആശുപത്രി അധികൃതർ നിഷേധിച്ചു.
ഒരു ഡോക്ടർക്ക് ദിവസേന 100-ലധികം രോഗികളെ പരിചരിക്കേണ്ട സാഹചര്യമുണ്ടെന്നത് ശരിയാണെന്നും, എന്നാൽ ഐസിയുവിൽ മതിയായ ഡോക്ടർമാർ ഡ്യൂട്ടിയിലുണ്ടായിരുന്നുവെന്നും അധികൃതർ അറിയിച്ചു. ചികിത്സാപിഴവുകൾ ഉണ്ടായിട്ടില്ലെന്നും സൂപ്രണ്ട് ആവർത്തിച്ചു.
അതേസമയം, ഒരു പ്രത്യേക വിഭാഗത്തിലുള്ള രോഗികൾ കുറഞ്ഞ സമയത്തിനുള്ളിൽ കൂട്ടത്തോടെ മരിച്ചതിൽ അസ്വാഭാവികതയുണ്ടെന്ന വിലയിരുത്തലിലാണ് സംസ്ഥാന ആരോഗ്യവകുപ്പ്. സംഭവത്തിൽ അന്വേഷണം ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.






