സത്ന: മധ്യപ്രദേശിലെ സത്നയിൽ 11 വയസ്സുകാരനെ ക്രൂരമായി കൊലപ്പെടുത്തി പ്ലാസ്റ്റിക് ഡ്രമ്മിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. ബാങ്ക് കോളനിയിലെ വീട്ടിലാണ് സംഭവം നടന്നത്. ഉച്ചയ്ക്ക് വീട്ടിലെത്തിയ കുട്ടിയുടെ അമ്മ വീട് പുറത്തുനിന്ന് പൂട്ടിയ നിലയിൽ കണ്ടതോടെ സംശയം തോന്നി. മകനെ കാണാതായതിനാൽ അവർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് പൊലീസ് എത്തി വീട് തുറന്ന് നടത്തിയ പരിശോധനയിൽ രക്തക്കറകളും ഡ്രമ്മിനുള്ളിൽ ഒളിപ്പിച്ച മൃതദേഹവും കണ്ടെത്തി. മൂർച്ചയേറിയ ആയുധം ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയായ 45 വയസ്സുകാരനായ അലക്കുകാരനെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതി ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.
കുട്ടിയുടെ പിതാവുമായി ഇയാൾക്ക് മുൻപ് തർക്കങ്ങളുണ്ടായിരുന്നതായും, ഭർത്താവ് വീട്ടിലില്ലാത്ത സമയങ്ങളിൽ കുട്ടിയുടെ അമ്മയെ ശല്യം ചെയ്തിരുന്നുവെന്നും ബന്ധുക്കൾ ആരോപിക്കുന്നു. ഈ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സംശയം. സംഭവസ്ഥലത്ത് നിന്ന് ഫോറൻസിക് തെളിവുകൾ ശേഖരിച്ച പൊലീസ് പ്രതിക്കായി വ്യാപകമായ തെരച്ചിൽ ആരംഭിച്ചു.




