കുവൈത്ത് സിറ്റി: ഇറാനിയൻ വ്യോമാക്രമണത്തിൽ കുവൈത്തിൽ ഒരു മരണം. കുവൈറ്റ് സിറ്റിയിൽ നടന്ന ആക്രമണത്തിനിടെ ഡ്രോൺ അവശിഷ്ടങ്ങൾ വീണ് പരിക്കേറ്റ 11 വയസുകാരിയാണ് മരിച്ചത്. ആക്രമണത്തിൽ ഒരു കുടുംബത്തിലെ നാല് പേർക്ക് പരിക്കേറ്റു. ഇതോടെ കുവൈത്തിൽ പരിക്കേറ്റവരുടെ എണ്ണം 32 ആയി. ഡ്രോണുകളുടെ അവശിഷ്ടങ്ങൾ പതിച്ചാണ് ആളുകൾക്ക് പരിക്കേൽക്കുന്നത്. നിരവധി ആക്രമണങ്ങൾ ചെറുത്തെന്ന് കുവൈത്ത് അറിയിച്ചു. ഇറാന്റെ ഒമ്പത് ഡ്രോണുകൾ തകർത്തെന്ന് സൗദിയും വ്യക്തമാക്കി.
ഇന്നലെ, ഇറാൻ നടത്തിയ ആക്രമണത്തിൽ കുവൈത്തിൽ രണ്ട് നാവിക സേനാംഗങ്ങൾ കൊല്ലപ്പെട്ടിരുന്നു. സർജന്റുമാരായ വാലീദ് മജീദ് സുലൈമാൻ, അബദുൽ അസീസ് മൊഹ്സെൻ ദാഖിൽ നാസർ എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയോടെയായിരുന്നു ഇരുവരുടെയും മരണം കുവൈറ്റ് സായുധസേന സ്ഥിരീകരിച്ചത്. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെയാണ് ഇവർ കൊല്ലപ്പെട്ടതെന്നാണ് വിശദീകരണം. എന്നാൽ ആക്രമണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ കുവൈത്ത് പുറത്തുവിട്ടിട്ടില്ല.



