വീണ്ടും പുതിയ വിപ്ലവകരമായ ഓഫറുമായി റിലയന്‍സ് ജിയോ. ഒരൊറ്റ റീച്ചാര്‍ജില്‍ ഒട്ടുമിക്ക പ്രീമിയം ഒ.ടി.ടി പ്ലാറ്റ്ഫോമുകളും ലൈവ് ടിവി ചാനലുകളും ഡാറ്റയും ലഭ്യമാക്കുന്ന പുതിയ ‘200 രൂപ ജിയോ ഒടിടി പാസ്’ അവതരിപ്പിച്ചിരിക്കുകയാണ്. വിനോദവും കണക്റ്റിവിറ്റിയും ഒന്നിച്ച് ചേര്‍ത്തുള്ള ഈ പുതിയ പാസിന് 28 ദിവസത്തെ കാലാവധിയാണുള്ളത്. പ്രതിമാസം ഏകദേശം 1,500 രൂപയോളം വിലമതിക്കുന്ന ആനുകൂല്യങ്ങളാണ് ജിയോ 200 രൂപയ്ക്ക് ഈ പ്ലാനിലൂടെ വരിക്കാര്‍ക്ക് ലഭിക്കുക.
നിലവില്‍ സജീവമായ ഒരു ബേസ് പ്ലാന്‍ ഉള്ള ഏത് ജിയോ ഉപഭോക്താവിനും ഈ പാസ് സ്വന്തമാക്കാം. മേയ് 27 മുതല്‍ പുതിയ പ്ലാന്‍ പ്രാബല്യത്തില്‍ വന്നു. പരസ്യങ്ങളില്ലാത്ത വീഡിയോ കാഴ്ചകള്‍, ബാക്ക്ഗ്രൗണ്ട് പ്ലേ, ഓഫ്ലൈന്‍ ഡൗണ്‍ലോഡ് എന്നിവ ടിവി, ടാബ്ലെറ്റ്, മൊബൈല്‍ എന്നിവയില്‍ ലഭ്യമാകും. സോണിലിവ്, സീ5, ലയണ്‍സ്ഗേറ്റ് പ്ലേ, ഡിസ്‌കവറി+, സണ്‍ നെക്സ്റ്റ്, ഫാന്‍കോഡ്, ഹോയ്ചോയ്, പ്ലാനറ്റ് മറാത്തി, ചൗപാല്‍, കാഞ്ച ലങ്ക, ടൈംസ് പ്ലേ, തരംഗ് പ്ലസ് തുടങ്ങിയവയെല്ലാം ലഭ്യമാകും.




