കോഴിക്കോട്: കുറ്റ്യാടിയിൽ ഉറങ്ങാൻ കിടന്ന പതിനഞ്ചുകാരിയെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തി. മൊകേരി തയ്യുള്ളതിൽ സജീവന്റെ മകൾ വൈഗ (15) ആണ് മരിച്ചത്. വൈഗയ്ക്ക് ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്നുവെന്നും ചികിത്സയിൽ ആയിരുന്നുവെന്നും കുടുംബം അറിയിച്ചു. ഇന്ന് രാവിലെ എഴുന്നേൽക്കാത്തതിനെ തുടർന്ന് വീട്ടുകാർ ഉണർത്താൻ ശ്രമിച്ചപ്പോൾ അനക്കമില്ലാത്ത നിലയിൽ കണ്ടെത്തുകയായിരുന്നു.
തുടർന്ന് കുറ്റ്യാടി ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ അറിയിച്ചു. സംഭവത്തിൽ തൊട്ടിൽപ്പാലം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.




