ഹൈദരാബാദ്: അത്താഴത്തിന് കോഴിക്കറി ഉണ്ടാക്കാത്തതിനെച്ചൊല്ലിയുണ്ടായ തർക്കം ദാരുണാന്ത്യത്തിലേക്ക് വഴിമാറി. തെലങ്കാനയിലെ കാമറെഡ്ഡി ടൗണിൽ 28കാരൻ ഭാര്യയുടെ വെട്ടേറ്റ് മരിച്ചു. ഗോസാങ്കി കോളനിയിലെ കോദൻദം ശിവാജിയാണ് കൊല്ലപ്പെട്ടത്.
ശനിയാഴ്ച രാത്രി ഒൻപതുമണിയോടെയാണ് സംഭവം ആരംഭിച്ചത്. അത്താഴവുമായി ബന്ധപ്പെട്ട പ്രശ്നത്തെച്ചൊല്ലി ശിവാജിയും ഭാര്യ ലക്ഷ്മിയും തമ്മിൽ വാക്കുതർക്കം ഉണ്ടായി. തർക്കം രൂക്ഷമായതോടെ ബന്ധുക്കളായ ദാദയ്യയും ശാരദയും എത്തി ഇരുവരെയും ശാന്തരാക്കാൻ ശ്രമിച്ചു. ഇവർ മടങ്ങിയതിന് പിന്നാലെ വീണ്ടും തർക്കം പൊട്ടിപ്പുറപ്പെട്ടു. തൻറെ ഇഷ്ടത്തിന് അനുസരിച്ച് ഭക്ഷണം തയ്യാറാക്കുന്നില്ലെന്നാരോപിച്ച് ശിവാജി ലക്ഷ്മിയെ കുറ്റപ്പെടുത്തി, കുടുംബത്തിലെ മറ്റ് വിഷയങ്ങളും ചർച്ചയിലേക്ക് വലിച്ചിഴച്ചു.
ഇതിനിടെ മറ്റൊരു ബന്ധുവായ നന്ദിനിയും എത്തി പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും വാക്കുതർക്കം തുടർന്നു. ഒടുവിൽ വീട്ടിലുണ്ടായിരുന്ന അരിവാൾ എടുത്ത ലക്ഷ്മി, ശിവാജിയുടെ കഴുത്തിൽ വെട്ടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വെട്ടേറ്റ് നിലത്തുവീണ ശിവാജിയുടെ തല നിലത്തിടിച്ചതോടെ രക്തസ്രാവം ശക്തമായി, സംഭവസ്ഥലത്തുവെച്ച് തന്നെ മരണം സംഭവിച്ചു.
ശിവാജിയുടെ മൂത്ത സഹോദരൻ സുരിയുടെ പരാതിയിൽ ബിഎൻഎസ് സെക്ഷൻ 103(1) പ്രകാരം കേസ് രജിസ്റ്റർ ചെയ്ത കാമറെഡ്ഡി പൊലീസ്, തിങ്കളാഴ്ച ലക്ഷ്മിയെ അറസ്റ്റ് ചെയ്തു.
ആറ് വർഷം മുമ്പാണ് ശിവാജിയും ലക്ഷ്മിയും വിവാഹിതരായത്. ഇവർക്കു രണ്ട് പെൺമക്കളുണ്ട്. കഴിഞ്ഞ ആറുമാസമായി ദാദയ്യയുടെ വീട്ടിൽ വാടകയ്ക്കാണ് താമസം. കുടുംബ പ്രശ്നങ്ങളെച്ചൊല്ലി ഇരുവരും ഇടയ്ക്കിടെ തർക്കത്തിലേർപ്പെടാറുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പൊലീസിനോട് അറിയിച്ചു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഞായറാഴ്ച ശിവാജിയുടെ മൃതദേഹം കുടുംബത്തിന് കൈമാറി.




