ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് 17 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയെന്ന കേസിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പേർ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ. സെൻട്രൽ ഡൽഹിയിലെ കുഷാക് റോഡിന് സമീപത്തെ വിജനമായ പറമ്പിൽ പെൺകുട്ടിയുടെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ഉപയോഗിച്ച രണ്ട് കത്തികളും പ്രതികൾ ധരിച്ചിരുന്ന വസ്ത്രങ്ങളും വാഹനവും പൊലീസ് കണ്ടെടുത്തു.
സെപ്റ്റംബർ 13നാണ് കുഷാക് റോഡിന് സമീപത്തെ പറമ്പിൽ നിന്ന് അഴുകിയ നിലയിലുള്ള മൃതദേഹം പൊലീസ് കണ്ടെത്തിയത്. മൃതദേഹത്തിന്റെ ചില ഭാഗങ്ങൾ തെരുവുനായ്ക്കൾ ഭക്ഷിച്ച നിലയിലായിരുന്നു. ഒരു കൈ ശരീരത്തിൽനിന്ന് വേർപെട്ട നിലയിലും കണ്ടെത്തി. മൃതദേഹം അഴുകിയതിനാൽ ആദ്യഘട്ടത്തിൽ ആളെ തിരിച്ചറിയാൻ പോലും പൊലീസിന് കഴിഞ്ഞിരുന്നില്ല.
കൊല്ലപ്പെട്ട പെൺകുട്ടിക്കും പ്രതികൾക്കും നേരത്തെ പരിചയമുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സംഭവദിവസം പെൺകുട്ടിയും പ്രതികളും ഒരുമിച്ച് ടെമ്പോയിൽ യാത്ര ചെയ്തിരുന്നു. ടെമ്പോയ്ക്കുള്ളിൽ മദ്യപിച്ചശേഷം പ്രതികൾ പെൺകുട്ടിയെ പീഡിപ്പിക്കുകയും കുത്തിക്കൊലപ്പെടുത്തുകയും തുടർന്ന് മൃതദേഹം വിജനമായ സ്ഥലത്ത് ഉപേക്ഷിക്കുകയുമായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
പെൺകുട്ടി ഇടയ്ക്കിടെ വീട്ടിൽനിന്ന് പോകുകയും ഏതാനും ദിവസങ്ങൾക്ക് ശേഷം തിരിച്ചെത്തുകയും ചെയ്യുന്ന പതിവുണ്ടായിരുന്നതിനാൽ കാണാതായ വിവരം കുടുംബം പൊലീസിൽ അറിയിച്ചിരുന്നില്ല.
ദൃക്സാക്ഷികളില്ലാതിരുന്നതും പ്രതികളെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിക്കാതിരുന്നതും അന്വേഷണത്തിന് വെല്ലുവിളിയായി. തുടർന്ന് സംഭവസ്ഥലത്തെയും സമീപപ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.
സംഭവസമയത്ത് സ്ഥലത്തിന് സമീപത്തുകൂടി ഒരു ടെമ്പോ കടന്നുപോകുന്നതായി സിസിടിവി പരിശോധനയിൽ കണ്ടെത്തി. എന്നാൽ ഇരുട്ടായിരുന്നതിനാൽ വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ വ്യക്തമായിരുന്നില്ല. തുടർന്ന് വിവിധ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ടെമ്പോയുടെ സഞ്ചാരപാത പൊലീസ് പിന്തുടർന്നു.
ഇതിനിടെ സംശയാസ്പദമായ സാഹചര്യത്തിൽ ടെമ്പോ കണ്ടെത്തി ഡ്രൈവറെ ചോദ്യം ചെയ്തു. തുടർന്നുള്ള അന്വേഷണത്തിലാണ് പ്രായപൂർത്തിയാകാത്ത മൂന്ന് പേർ ഉൾപ്പെടെ നാല് പേരെ പൊലീസ് പിടികൂടിയത്. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.












