കോട്ടയം: മണിമല കുറിക്കാട്ടൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ പഞ്ചായത്ത് അംഗം ഉൾപ്പെടെ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മണിമല പഞ്ചായത്ത് അംഗം ജോജി ജോൺ, നിഖിൽ അയ്യപ്പൻ, ഷൈബിൽ സാം, അമൽ രാജ്, ജോബിൻ രാജൻ, കിരൺ എന്നിവരാണ് അറസ്റ്റിലായത്. അമ്പാട്ടുപാടി വൈക്കുന്നേൽ ഷിബുവാണ് മരിച്ചത്.
ആന്തരിക അവയവങ്ങൾക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ബുധനാഴ്ചയാണ് ഷിബുവിനെ റബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച പഞ്ചായത്ത് അംഗം ജോജിയുടെ നേതൃത്വത്തിലുള്ള സംഘം ഷിബുവിനെയും സുഹൃത്തിനെയും മർദിച്ചിരുന്നതായി പൊലീസ് പറയുന്നു.
മർദനത്തെ തുടർന്നാണ് ഷിബു മരിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ജോജിയുടെ രോഗിയായ അമ്മയെ ഷിബുവും സുഹൃത്തും ചേർന്ന് ആക്രമിച്ചതിനെ തുടർന്നാണ് മർദനം നടന്നതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.












