വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പേരക്കുട്ടി കായ് മാഡിസണ്‍ ട്രംപിനെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് വസതിയുടെ മതില്‍ ചാടിക്കടന്ന യുവാവ് അറസ്റ്റില്‍. പാം ബീച്ചിലെ ട്രംപിന്റെ വസതിയായ മാര്‍ എ ലാഗോയുടെ മതിലാണ് യുവാവ് ചാടിക്കടന്നത്. ട്രംപിന്റെ പേരക്കുട്ടിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്നാണ് പിടിയിലായ യുവാവ് സീക്രട്ട് സര്‍വീസ് ഏജന്റുമാരോട് പറഞ്ഞത്.
ആന്റണി തോമസ് റെയ്സ് എന്ന ഇരുപത്തിമൂന്നുകാരനെയാണ് അര്‍ധരാത്രിയില്‍ യുഎസ് സീക്രട്ട് സര്‍വീസ് ഏജന്റുമാര്‍ പിടികൂടിയത്. കഴിഞ്ഞവര്‍ഷം ഡിസംബറിലും റെയ്സ് ഇതുപോലെ മാര്‍ എ ലാഗോയില്‍ അതിക്രമിച്ചുകയറിയെന്ന് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. മാര്‍ എ ലാഗോയിലെത്തി ട്രംപുമായി സംസാരിക്കാനും അദ്ദേഹത്തിന്റെ ചെറുമകളെ വിവാഹാലോചന നടത്താനുമായിരുന്നു ഇയാളുടെ ശ്രമമെന്നാണ് പൊലീസ് പറയുന്നത്.
ഡോണാള്‍ഡ് ട്രംപ് ജൂനിയറിന്റെയും വനേസ ട്രംപിന്റെയും മകളാണ് കൈ മാഡിസണ്‍ ട്രംപ്. സംഭവം നടക്കുമ്പോള്‍ ട്രംപ് സ്ഥലത്തുണ്ടായിരുന്നില്ല, യുഎസ് തലസ്ഥാനമായ വാഷിങ്ടണ്‍ ഡിസിയിലായിരുന്നു.






