ചെന്നൈ: തമിഴ്നാട്ടിൽ വിജയ്‌യുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരമേറ്റതിന് പിന്നാലെ 717 മദ്യശാലകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടു. സ്കൂളുകൾ, ആരാധനാലയങ്ങൾ, ജനസാന്ദ്രതയേറിയ പ്രദേശങ്ങൾ എന്നിവയുടെ 500 മീറ്റർ പരിധിക്കുള്ളിൽ പ്രവർത്തിക്കുന്ന മദ്യശാലകളാണ് പൂട്ടുന്നത്.
ഏറ്റവും കൂടുതൽ മദ്യശാലകൾ അടച്ചുപൂട്ടുന്നത് മധുരൈ മേഖലയിലാണ്. ഇവിടെ 281 മദ്യശാലകൾ പൂട്ടും. കോയമ്പത്തൂർ മേഖലയിൽ 173 ഉം ചെന്നൈയിൽ 99 ഉം തിരുച്ചി മേഖലയിൽ 84 ഉം സേലം മേഖലയിൽ 80 ഉം മദ്യശാലകൾ അടച്ചുപൂട്ടും.
മധുരൈ മേഖലയിലെ തൂത്തുക്കുടിയിലാണ് ഏറ്റവും കൂടുതൽ, 63 മദ്യശാലകൾ അടയ്ക്കുന്നത്. തിരുനെൽവേലിയിൽ 33 ഉം വിരുദുനഗറിൽ 37 ഉം രാമനാഥപുരത്ത് 29 ഉം മദ്യശാലകൾ പൂട്ടും. ചെന്നൈയിലെ മദ്യശാലകളിൽ 18 എണ്ണം വടക്കൻ ചെന്നൈയിലും 15 എണ്ണം മധ്യ ചെന്നൈയിലും 14 എണ്ണം തെക്കൻ ചെന്നൈയിലുമാണ്.
കാഞ്ചീപുരം വടക്ക്, തിരുവള്ളൂർ കിഴക്ക് എന്നിവിടങ്ങളിലെ 12 മദ്യശാലകളും കാഞ്ചീപുരം തെക്കിലെ ഏഴ് മദ്യശാലകളും തിരുവള്ളൂർ പടിഞ്ഞാറിലെ നാല് മദ്യശാലകളും അടച്ചുപൂട്ടുന്ന പട്ടികയിൽ ഉൾപ്പെടുന്നു. കോയമ്പത്തൂർ മേഖലയിൽ നീലഗിരിയിൽ 27 ഉം കോയമ്പത്തൂർ വടക്കും തെക്കും ചേർന്ന് 69 ഉം ഈറോഡിൽ 39 ഉം തിരുപ്പൂരിൽ 30 ഉം മദ്യശാലകൾ അടച്ചുപൂട്ടും.
സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള തമിഴ്നാട് സംസ്ഥാന വിപണന കോർപറേഷനാണ് സംസ്ഥാനത്ത് 4765 മദ്യശാലകൾ നടത്തുന്നത്. സർക്കാർ നടത്തിയ സർവേയിൽ 276 മദ്യശാലകൾ ആരാധനാലയങ്ങൾക്ക് സമീപവും 186 എണ്ണം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപവും 255 എണ്ണം ബസ് നിലയങ്ങൾക്ക് സമീപവുമാണെന്ന് കണ്ടെത്തി. ജനങ്ങളുടെ ആശങ്കകൾ പരിഗണിച്ചാണ് സർക്കാർ നടപടി സ്വീകരിച്ചതെന്ന് അധികൃതർ അറിയിച്ചു.






