തിരുവനന്തപുരം: മൂന്നര വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 30 വർഷം കഠിനതടവ് ശിക്ഷ വിധിച്ച് കോടതി. പേരൂർക്കട കാച്ചാണി സ്വദേശി സുരേഷ് കുമാർ (23) ആണ് ശിക്ഷിക്കപ്പെട്ടത്. ഒരു ലക്ഷം രൂപ പിഴയും അടയ്ക്കണം. നെടുമങ്ങാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയാണ് വിധി പുറപ്പെടുവിച്ചത്.
പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി കഠിനതടവ് അനുഭവിക്കണം. പിഴത്തുക അതിജീവിതയ്ക്ക് നൽകാനും കുട്ടിക്ക് അർഹമായ നഷ്ടപരിഹാരം നൽകാനും കോടതി നിർദേശിച്ചു. ജഡ്ജി എ.ബി. അനൂപാണ് ശിക്ഷ വിധിച്ചത്.
2021ലെ സ്വാതന്ത്ര്യദിനത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിൽ മറ്റാരുമില്ലാതിരുന്ന സമയത്ത് എത്തിയ പ്രതി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. കോടതിയിലെ വിചാരണയ്ക്കിടെ കുട്ടി ആരുടെയും സഹായമില്ലാതെ സംഭവത്തെക്കുറിച്ച് മൊഴി നൽകിയിരുന്നു. കേസിൽ ഇത് നിർണായകമായി. ആകെ 28 സാക്ഷികളെയാണ് പ്രോസിക്യൂഷൻ വിസ്തരിച്ചത്. 31 രേഖകളും കോടതിയിൽ ഹാജരാക്കി.
സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സരിത ഷൗക്കത്ത് അലിയാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്. വട്ടിയൂർക്കാവ് എസ്എച്ച്ഒ കെ.എസ്. സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.


