ബാഗൽകോട്ട്: കർണാടകയിലെ ബാഗൽകോട്ടിൽ ഹോംവർക്ക് ചെയ്യാത്തതിന്റെ പേരിൽ രണ്ടാം ക്ലാസ് വിദ്യാർഥിയെ ക്ലാസ് ടീച്ചറും പ്രധാനാധ്യാപകനും ചേർന്ന് മർദിച്ചതായി പരാതി. മുതുകിലും കാലുകളിലും ചൂരൽ കൊണ്ട് അടിയേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷിതാക്കളുടെ പരാതിയിൽ അധ്യാപകർക്കെതിരെ പൊലീസ് കേസെടുത്തു.
ബാഗൽകോട്ട് ജില്ലയിലെ നാവലഗിയിലെ റാണി ചെന്നമ്മ എയ്ഡഡ് പ്രൈമറി സ്കൂളിലാണ് സംഭവം. അസുഖബാധിതനായതിനാൽ വിദ്യാർഥി രണ്ട് ദിവസമായി സ്കൂളിൽ എത്തിയിരുന്നില്ല. ഇന്നലെ വീണ്ടും സ്കൂളിലെത്തിയപ്പോഴാണ് ഹോംവർക്ക് ചെയ്യാത്തതിന്റെ പേരിൽ ക്ലാസ് ടീച്ചറായ വിജയലക്ഷ്മിയും പ്രധാനാധ്യാപകൻ അംബിയും കുട്ടിയെ ചോദ്യം ചെയ്യുകയും ചൂരൽ കൊണ്ട് മർദിക്കുകയും ചെയ്തതെന്നാണ് പരാതി.
മുതുകിലും കാലുകളിലും മർദനമേറ്റ പാടുകളുമായാണ് കുട്ടി വീട്ടിലെത്തിയത്. ഇതോടെയാണ് രക്ഷിതാക്കൾ വിവരം അറിഞ്ഞത്. തുടർന്ന് അവശനിലയിലായ കുട്ടിയെ ജംഖണ്ഡിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾ രബകവി ബനഹട്ടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് ക്ലാസ് ടീച്ചർ വിജയലക്ഷ്മിക്കും പ്രധാനാധ്യാപകനുമെതിരെ കേസെടുത്തു. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


