മലപ്പുറം: ബിപി അങ്ങാടിയില്‍ കഞ്ചാവ് വില്പനയ്ക്കായി ശ്രമിച്ച മധ്യവയസ്കന് തിരൂര്‍ പൊലീസിന്റെ പിടിയിലായി. അരിക്കാഞ്ചിറ സ്വദേശി അബ്ദുല്‍ റസാഖ് ആണ് പിടിയിലായത്. ലഹരി വില്പനക്കാരെ പിടികൂടുന്നതിനായി തിരൂര്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍ നടത്തിയ പ്രത്യേക പരിശോധനയിലാണ് ഇയാള്‍ കുടുങ്ങിയത്.
തിരൂര്‍ സിഐ മുഹമ്മദ് റഫീക്കിന്റെ നേതൃത്വത്തില്‍ എസ്.ഐ സുജിത്ത്, നിർമൽ, സീനിയര്‍ സി.പി.ഒ സുജിത്ത്, സി.പി.ഒമാരായ ടോണി, ശ്രീജേഷ് ബാല്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. പ്രതിയുടെ കൈയില്‍ നിന്ന് വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവാണ് പൊലീസ് പിടിച്ചെടുത്തത്. വാട്സ്ആപ് വഴി ആവശ്യക്കാരെ വിളിച്ചു വരുത്തി ലഹരി വില്പന നടത്തുക എന്നതാണ് പ്രതിയുടെ പ്രധാന രീതിയെന്നാണ് പൊലീസ് വ്യക്തമാക്കി. അബ്ദുല്‍ റസാഖിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ നിരവധി ആളുകള്‍ കഞ്ചാവിനായി സന്ദേശങ്ങളും ഫോണ്‍ കോളുകളും നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് നടപടികള്‍.






