ജക്കാർത്ത: ഇന്തോനേഷ്യയിലെ ജാവ കടലിൽ യാത്രാ ഫെറി ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ആറ് പേർ മരിച്ചു. 130 പേരെ കാണാതായതായി അധികൃതർ അറിയിച്ചു. 107 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
കിഴക്കൻ ജാവയിലെ സുരബായയിൽ നിന്ന് ബോർണിയോ ദ്വീപിലെ സൗത്ത് കാളിമന്താൻ പ്രവിശ്യയിലെ ബഞ്ചാർമാസിനിലേക്ക് പോകുകയായിരുന്ന വിർഗോ ട്രാൻസ്‌പോർട്ട് 8 എന്ന ഫെറിയാണ് അപകടത്തിൽപ്പെട്ടത്. ശനിയാഴ്ച യാത്ര തിരിച്ച ബോട്ടുമായുള്ള ബന്ധം ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെ നഷ്ടപ്പെട്ടു.
ബഞ്ചാർമാസിനിൽ നിന്ന് ഏകദേശം 150 കിലോമീറ്റർ അകലെ ജാവ കടലിലാണ് അപകടമുണ്ടായത്. കടലിൽ ശക്തമായ കാറ്റും ഉയർന്ന തിരമാലകളും ഉണ്ടെന്ന് ബോട്ടിന്റെ ക്യാപ്റ്റൻ നേരത്തെ സന്ദേശം നൽകിയിരുന്നു. പിന്നാലെ ബോട്ട് ചരിഞ്ഞുതുടങ്ങിയതായും അറിയിച്ചിരുന്നു.
തുടർന്ന് നടത്തിയ ഹെലികോപ്റ്റർ പരിശോധനയിലാണ് ബോട്ട് തലകീഴായി മറിഞ്ഞ നിലയിൽ കണ്ടെത്തിയത്. അപകടവിവരം ലഭിച്ചതോടെ നാഷണൽ സെർച്ച് ആൻഡ് റെസ്ക്യൂ ഏജൻസി, നാവികസേന, ഹെലികോപ്റ്ററുകൾ, സമീപത്തുണ്ടായിരുന്ന ടഗ്ബോട്ടുകൾ എന്നിവയുടെ സഹായത്തോടെ രക്ഷാപ്രവർത്തനം ആരംഭിച്ചു. ഏകദേശം 2.5 മീറ്റർ ഉയരമുള്ള തിരമാലകൾ രക്ഷാപ്രവർത്തനത്തിന് വലിയ തടസ്സമായി. കാണാതായവർക്കായുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്.












