ഗുവാഹട്ടി: അസമിൽ ഭാര്യയെ കൊലപ്പെടുത്തി തല വെട്ടിമാറ്റി ഫ്രിഡ്ജിൽ സൂക്ഷിച്ച കേസിലെ പ്രതി പൊലീസ് വാഹനത്തിൽ നിന്ന് ചാടി മരിച്ചു. ഗുവാഹട്ടി സ്വദേശി രാമാനുജ് ഗോസ്വാമി (30) ആണ് മരിച്ചത്.
തിങ്കളാഴ്ച പുലർച്ചെ ഗുവാഹത്തി മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിൽ വൈദ്യപരിശോധന പൂർത്തിയാക്കി പ്രതിയെ ഹാതിഗാവ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം. പെട്ടെന്ന് പൊലീസ് സംഘത്തെ ആക്രമിച്ച പ്രതി ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ നിന്ന് ചാടുകയായിരുന്നു. താഴ്ചയിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ ഇയാളെ പൊലീസ് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
സെപ്റ്റംബർ മൂന്നിനാണ് രാമാനുജ് ഗോസ്വാമി ഭാര്യ റിയയെ (25) ഗുവാഹട്ടിയിലെ ഫ്ലാറ്റിൽ കൊലപ്പെടുത്തിയത്. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി പൊലീസിനോട് പറഞ്ഞിരുന്നു.
ഫ്ലാറ്റിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികൾ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഫ്രിഡ്ജിൽ കറുത്ത പോളിത്തീൻ കവറിനുള്ളിൽ സൂക്ഷിച്ചിരുന്ന റിയയുടെ അറുത്തുമാറ്റിയ തലയും വിരലുകളും കണ്ടെത്തിയത്. സെപ്റ്റംബർ ആറിന് പൊലീസിന് മുന്നിൽ കീഴടങ്ങിയ രാമാനുജിനെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയായിരുന്നു.












