കൊല്ലം: കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വഴിയാത്രക്കാരനായ യുവാവ് മരിച്ചു. മടത്തറ കൊച്ചരിപ്പ ഇടപ്പണ സ്വദേശി സതീഷ് (38) ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയായിരുന്നു അപകടം. റോഡിലൂടെ നടന്നുപോകുകയായിരുന്ന സതീഷിനെ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സതീഷിനെ നാട്ടുകാർ ചേർന്ന് ആദ്യം കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെത്തിച്ചു. പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.
മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് കഴിഞ്ഞ ദിവസം സതീഷ് മരിച്ചത്. പ്രായമായ മാതാപിതാക്കളും ഭാര്യയും രണ്ട് വയസ്സുള്ള മകളും അടങ്ങുന്ന നിർധന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു സതീഷ്.


