കൊല്ലം: പ്രതിരോധ വാക്സിൻ എടുത്തിട്ടും ഏഴുവയസ്സുകാരി പേവിഷബാധയേറ്റ് മരിച്ച സംഭവത്തിൽ പുനലൂർ താലൂക്ക് ആശുപത്രിയിലെ നാല് ഡോക്ടർമാർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. മെഡിക്കൽ ഓഫീസർമാരായ ദേവി ലക്ഷ്മി, അംജിത, ജയസൂര്യ, സൂപ്രണ്ട് കെ.ആർ. സുനിൽകുമാർ എന്നിവരുടെ പേരിലാണ് നടപടി. കോടതി നിർദേശപ്രകാരമാണ് കേസ് എടുത്തത്.
ഒരു വർഷം മുൻപ് തെരുവുനായയുടെ കടിയേറ്റ് കുന്നിക്കോട് സ്വദേശിനിയായ നിയാ ഫൈസൽ മരിച്ച സംഭവത്തിലാണ് കേസ്. കുട്ടിക്ക് പ്രതിരോധ വാക്സിനോടൊപ്പം നൽകേണ്ട ഇമ്യൂണോ ഗ്ലോബുലിൻ നൽകുമ്പോൾ ആവശ്യമായ മാനദണ്ഡങ്ങൾ പാലിക്കാതെയും അശ്രദ്ധയോടെയും ചികിത്സ നടത്തിയെന്നാരോപിച്ചാണ് നടപടി.
വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട ചികിത്സാവിവരങ്ങൾ നൽകാതെ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെന്നാരോപിച്ച് ആശുപത്രി സൂപ്രണ്ടിനെയും കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മനഃപൂർവമല്ലാത്ത നരഹത്യയും തെളിവ് നശിപ്പിക്കലും ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കുട്ടിയുടെ അമ്മ ഹബീറ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പുനലൂർ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പോലീസിന് നിർദേശം നൽകുകയായിരുന്നു.
2025 ഏപ്രിൽ 8-ന് വീട്ടിനടുത്ത് വെച്ച് കുട്ടിക്ക് നായയുടെ കടിയേറ്റിരുന്നു. തുടർന്ന് ആദ്യം കുടുംബാരോഗ്യകേന്ദ്രത്തിൽ ചികിത്സ നൽകി. പിന്നീട് ഡോക്ടറുടെ നിർദേശപ്രകാരം പുനലൂർ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മേയ് 6-ന് അവസാന വാക്സിൻ ഡോസ് എടുക്കേണ്ടിയിരുന്നെങ്കിലും അതിന് മുൻപ് കുട്ടിക്ക് പനി വന്നിരുന്നു. തുടർന്ന് പുനലൂർ താലൂക്ക് ആശുപത്രിയിലും തിരുവനന്തപുരം എസ്എടി ആശുപത്രിയിലും പ്രവേശിപ്പിച്ച് പരിശോധന നടത്തിയപ്പോൾ പേവിഷബാധ സ്ഥിരീകരിച്ചു. ചികിത്സയിലിരിക്കെ മേയ് 5-ന് കുട്ടി മരിച്ചു.




