ജയ്പൂർ: രാജസ്ഥാനിലെ നാഗൗറിലുള്ള പാൽഡി കാലാൻ ഗ്രാമനിവാസിയായ നതി ദേവി ബാവ്‌രി കന്നുകാലികൾക്കുള്ള ഭക്ഷണം തേടി മാർച്ച് 16ന് വീടിന് പുറത്തേക്ക് പോയത്. സമയം ഏറെ കഴിഞ്ഞിട്ടും 75കാരി തിരികെ വീട്ടിൽ എത്താത്തതിനെ തുടർന്നാണ് തിരച്ചിൽ ആരംഭിച്ചത് . ശരീരത്തിൽ ഏഴ് ലക്ഷത്തോളം വില വരുന്ന സ്വർണം, വെള്ളി ആഭരണങ്ങൾ ധരിച്ചാണ് ഇവർ പുറത്തേക്ക് പോയതെന്ന് കുടുംബം പറയുന്നു.
പിറ്റേദിവസം മറ്റൊരു ഗ്രാമമായ പച്ച്‌റണ്ടയിലെ ഗ്രാമവാസികളാണ് കുറ്റിക്കാടിനിടയിൽ പ്ലാസ്റ്റിക്ക് കവറിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. തലയും കാലും അറുത്തുമാറ്റിയ നിലയിലായിരുന്നു മൃതദേഹം. ഇതിന് പുറമേ മറ്റ് ശരീരഭാഗങ്ങൾ വെട്ടിനുറുക്കിയ നിലയിലുമായിരുന്നു. ഉടൻ തന്നെ ഗ്രാമവാസികൾ സംഭവം പൊലീസിനെ അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. എന്നാൽ ദൃക്‌സാക്ഷികളെയോ മറ്റ് തെളിവുകളോ കണ്ടെത്താൻ കഴിഞ്ഞില്ല. നാഗൗർ എസ്പി റോഷൻ മീണയുടെ നേതൃത്വത്തിൽ ഫോറൻസിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി . പ്രദേശത്ത് ഡ്രോണും വിന്യസിച്ചു. തുടർന്ന് അവിടെ നിന്നും ലഭിച്ച ഒരു സ്ലിപ്പറിൽ നിന്നുമാണ് പൊലീസിന് തുമ്പ് ലഭിച്ചത്.
പരിശോധനയ്ക്കിടയിൽ നതിയുടെ ഗ്രാമത്തിലെ ഒരു വീട്ടിൽ രക്തകറകൾ കണ്ടെത്തി. ഫോറൻസിക് പരിശോധനയിൽ കൊലപാതകം നടന്നത് അവിടെയാണെന്ന് വ്യക്തമാകുകയും ചെയ്തു. തുടർന്ന് നതിയെ കാണാതായ സമയം മുതൽ പ്രദേശത്തെ 300ഓളം ഫോൺ കോളുകൾ പൊലീസ് പരിശോധിച്ചു. മാർച്ച് 20ന് പൊലീസ് നതിയുടെ അയൽവാസിയായ മുകേഷ് ഭാരതി എന്ന 38കാരനെ പിടികൂടി. കന്നുകാലികൾക്ക് ഭക്ഷണം തേടി ഇറങ്ങിയ വൃദ്ധയെ ഇയാൾ ആക്രമിച്ച് കൊലപ്പെടുത്തുകയും പിന്നീട് ശരീരം തിരിച്ചറിയാതിരിക്കാൻ കഷ്ണങ്ങളായി മുറിക്കുകയുമായിരുന്നു. മോഷണ ശ്രമമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
കോടാലിയോ ഇരുമ്പ് കമ്പിയോ ഉപയോഗിച്ചാണ് ഇയാൾ ആക്രമണം നടത്തിയതെന്നാണ് പുറത്ത് വരുന്ന വിവരം. ശരീരം പല കഷ്ണങ്ങളാക്കിയ ശേഷം മൂന്ന് ചാക്കുകളിലാക്കിയ നിലയിലായിരുന്നു. സംഭവത്തിൽ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്നും അറിയാൻ പൊലീസ് അന്വേഷണം ഊർജിതമാക്കി .മോഷണ ശ്രമമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. മോഷ്ടിച്ച ആഭരണങ്ങളും കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.






