കുവൈത്ത് സിറ്റി: കുവൈത്തിലെ ഫഹാഹീൽ മാർക്കറ്റിൽ നടത്തിയ പരിശോധനയിൽ 773 കിലോഗ്രാം പഴകിയ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. ശുചിത്വ നിയമങ്ങൾ ലംഘിച്ചതിന് നാല് നിയമലംഘന റിപ്പോർട്ടുകളും അധികൃതർ തയ്യാറാക്കി. കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ, ആഭ്യന്തര മന്ത്രാലയം, വാണിജ്യ വ്യവസായ മന്ത്രാലയം, മത്സ്യബന്ധന മേഖലയിലെ ബന്ധപ്പെട്ട അധികൃതർ എന്നിവർ സംയുക്തമായാണ് പരിശോധന നടത്തിയത്.
ഫഹാഹീലിലെ മത്സ്യം, പച്ചക്കറി, മാംസം എന്നിവ വിൽക്കുന്ന മാർക്കറ്റുകൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 773 കിലോഗ്രാം കേടായ മത്സ്യം മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നശിപ്പിച്ചത്.
പൊതുശുചിത്വ നിയമങ്ങളും ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാത്തതിനാണ് നാല് നിയമലംഘന റിപ്പോർട്ടുകൾ തയ്യാറാക്കിയത്. ഉപഭോക്താക്കളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാൻ രാജ്യത്തെ ഭക്ഷ്യവിപണികളിൽ പരിശോധന തുടരുമെന്ന് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ അറിയിച്ചു. ഭക്ഷ്യസുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുമായി ചേർന്ന് പരിശോധനകൾ ശക്തമാക്കുമെന്നും അധികൃതർ വ്യക്തമാക്കി.



