പാലക്കാട്: പാലക്കാട് നഗരസഭയിൽ പുതിയതായി പണികഴിപ്പിക്കാൻ പോകുന്ന ഭിന്നശേഷി നൈപുണ്യകേന്ദ്രത്തിന് ആർഎസ്എസ് നേതാവ് ഹെഡ്ഗേവാറിന്റെ പേരിട്ടതിൽ പ്രതിഷേധം തുടർന്ന് കോൺഗ്രസ്. വിവാദം രൂക്ഷമായതോടെ പാലക്കാട് ജില്ലാ പൊലീസ് മേധാവി ബിജെപി, കോൺഗ്രസ് ഉൾപ്പടെയുളള രാഷ്ട്രീയ പാർട്ടികളെ സമവായ ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. എന്നാൽ ബിജെപിക്കൊപ്പം ചർച്ചയിൽ പങ്കെടുക്കില്ലെന്നാണ് കോൺഗ്രസും എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലും അറിയിച്ചിരിക്കുന്നത്.കൊലവിളി തുടരുന്ന സാഹചര്യത്തിൽ പൊലീസ് നടപടിയുണ്ടായില്ലെങ്കിൽ കൂടുതൽ പ്രതിഷേധവുമായി മുന്നോട്ടു പോകാനാണ് കോൺഗ്രസിന്റെ തീരുമാനം.
അതേസമയം, പേര് മാറ്റില്ലെന്നും പദ്ധതി അതേപേരിൽ തന്നെ നടപ്പാക്കുമെന്നുമാണ് ബിജെപി നിലപാട്. കൊലവിളിയിൽ പൊലീസ് നടപടി സ്വീകരിച്ചാൽ നിയമപരമായി തന്നെ അതിനെ നേരിടുമെന്നും ബിജെപി നേതാക്കൾ അറിയിച്ചു.ഇന്നലെ ബിജെപി ഓഫീസിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിനിടെ പൊലീസും പ്രവർത്തകരും ഏറ്റുമുട്ടി. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബിജെപി നേതാക്കൾ നടത്തിയ കൊലവിളി പ്രസംഗത്തിനെതിരായ പ്രതിഷേധ മാർച്ചിലായിരുന്നു സംഭവം. പൊലീസും കോൺഗ്രസ് നേതാക്കളും തമ്മിൽ വാക്കേറ്റവും കൈയ്യാങ്കളിയുമുണ്ടായി. പൊലീസ്, പ്രവർത്തകരെ അകാരണമായി മർദ്ദിച്ചെന്ന് നേതാക്കൾ ആരോപിച്ചു. പൊലീസ് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചെന്നും തന്റെ മുഖം അടിച്ചുപൊട്ടിക്കുമെന്ന് എസ്ഐ ഭീഷണിപ്പെടുത്തിയെന്നും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ആരോപിച്ചു.




