കേരളം പിടിക്കുക എന്ന ലക്ഷ്യം വെച്ചുകൊണ്ട് മുന്നണികളും പാർട്ടികളും തന്ത്രങ്ങൾ മനയുമ്പോൾ 2026ൽ സംസ്ഥാനം ആരു നയിക്കുമെന്നതിൽ സൂചനകൾ നൽകുകയാണ് സീ വോട്ടർ സർവേ. തെരഞ്ഞെടുപ്പിന് ഇനി ഒരു വർഷം മാത്രം ബാക്കി നിൽക്കുമ്പോഴാണ് ഇത്തരത്തിൽ ഒരു സർവ്വേ ഫലം പുറത്തേക്ക് വരുന്നത്.
ഒരുപക്ഷേ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് പുറത്തേക്ക് വരുന്ന ആധികാരികമായ ആദ്യ സർവ്വേ ഫലവും ഇതുതന്നെയാകും. 81 സീറ്റുകൾ നേടി എൽഡിഎഫ് വീണ്ടും അധികാരത്തിൽ എത്തുമെന്നാണ് സർവ്വേ ഫലം പറയുന്നത്. നിലവിലെ നില മെച്ചപ്പെടുത്തുമെങ്കിലും 56 സീറ്റുകളിലേക്ക് യുഡിഎഫ് ഒതുങ്ങുമെന്നും സർവ്വേ ഫലം ചൂണ്ടിക്കാട്ടുന്നു. നിലവിൽ കേരളത്തിൽ വട്ടപ്പൂജ്യമായ ബിജെപിക്ക് മൂന്ന് സീറ്റെങ്കിലും ലഭിക്കുമെന്നും സർവ്വേ ഫലം വ്യക്തമാക്കുന്നു.
ഓരോ ജില്ലകൾ തിരിച്ചുമുള്ള വിശദമായ സർവ്വേ ഫലം ആണ് പുറത്തുവിട്ടിരിക്കുന്നത്. കാസർകോട് ജില്ലയിൽ ആകെയുള്ള അഞ്ചു മണ്ഡലങ്ങളിൽ നാലിടത്തും യുഡിഎഫിന് വിജയിക്കുവാൻ കഴിയുമെന്ന് സർവ്വേ പറയുമ്പോൾ ഒരിടത്ത് മാത്രമാണ് എൽഡിഎഫിന് വിജയസാധ്യത കാണുന്നത്. നിലവിലെ സാഹചര്യത്തിൽ ആകെയുള്ള അഞ്ചു മണ്ഡലങ്ങളിൽ മൂന്ന് ഇടങ്ങളിൽ എൽഡിഎഫ് ആണ് വിജയിച്ചു നിൽക്കുന്നത്.
കണ്ണൂർ ജില്ലയിലേക്ക് വന്നാൽ ആകെയുള്ള 11 സീറ്റുകളിൽ അഞ്ചിടങ്ങളിൽ യുഡിഎഫും നാലു ഇടങ്ങളിൽ എൽഡിഎഫും ഒരിടത്ത് ബിജെപിയും വിജയിക്കുമെന്ന് സർവ്വേ ചൂണ്ടിക്കാട്ടുന്നു. നിലവിൽ കണ്ണൂർ ജില്ലയിൽ രണ്ട് ഇടങ്ങളിൽ മാത്രമാണ് യുഡിഎഫിന് എംഎൽഎമാർ ഉള്ളത്. ബാക്കി ഒമ്പത് ഇടങ്ങളിലും ഇടത് എംഎൽഎമാരാണ്. വയനാട്ടിലേക്ക് വന്നാൽ ആകെയുള്ള 3 മണ്ഡലങ്ങളിൽ രണ്ടിടങ്ങളിൽ യുഡിഎഫ് വിജയിക്കുമെന്നും ഒരിടത്ത് എൽഡിഎഫ് വിജയിക്കുമെന്നും സർവ്വേയിൽ പറയുന്നു.
നിലവിലും ജില്ലയിലെ നിയമസഭയിലെ അംഗസംഖ്യ സമാനമായ രീതിയിൽ തന്നെയാണ്. കൽപ്പറ്റയും സുൽത്താൻബത്തേരിയും കഴിഞ്ഞതവണ യുഡിഎഫ് വിജയിച്ചു വന്നപ്പോൾ മാനന്തവാടിയിൽ മാത്രമായിരുന്നു എൽഡിഎഫിന് വിജയിക്കുവാൻ കഴിഞ്ഞത്. ഈ നില തന്നെ തുടരുമെന്നാണ് സർവ്വേയിൽ വ്യക്തമാക്കുന്നത്. കോഴിക്കോട് ജില്ലയിലേക്ക് വന്നാൽ ആകെയുള്ള 13 സീറ്റുകളിൽ അഞ്ചിടത്ത് യുഡിഎഫും എട്ടിടത്ത് എൽഡിഎഫും വിജയിക്കുമെന്ന് സർവ്വേ പുറത്തു വിടുന്ന കണക്കുകളിൽ സൂചനയുണ്ട്.
നിലവിൽ രണ്ടു സീറ്റുകളിൽ മാത്രമാണ് യുഡിഎഫ് വിജയിച്ചു നിൽക്കുന്നത്. ഇതിൽ ഒന്ന് മുസ്ലിംലീഗിന്റെ കൈവശമുള്ള കൊടുവള്ളി സീറ്റും മറ്റൊന്ന് ആർഎംപി വിജയിച്ച വടകരയും ആണ്. മലപ്പുറത്തേക്ക് വന്നാൽ ആകെയുള്ള 16 സീറ്റുകളിൽ 12 മണ്ഡലങ്ങളിലും യുഡിഎഫിന് ഉറച്ച വിജയപ്രതീക്ഷ വെക്കാമെന്ന് സർവ്വേ അഭിപ്രായപ്പെടുന്നു.
കേവലം നാലു മണ്ഡലങ്ങളിലേക്ക് മാത്രം എൽഡിഎഫ് ഒതുങ്ങുമെന്നും സർവ്വേ പറയുന്നു. നിലവിലും നാലു മണ്ഡലങ്ങൾ മാത്രമാണ് എൽഡിഎഫിന്റെ കൈവശമുള്ളത്. ഇതിൽ ഒന്നാകട്ടെ നിലമ്പൂർ മണ്ഡലമാണ്. എൽഡിഎഫിന്റെ കൈവശമുള്ള നാലു മണ്ഡലങ്ങളിൽ ഒരിടത്ത് മാത്രമാണ് സിപിഎമ്മിന്റെ ഭാഗമായ ഒരാൾ മത്സരിച്ചത്. ബാക്കി എല്ലായിടത്തും ഇടതു സ്വതന്ത്രർ ആയിരുന്നു മത്സരിച്ചിരുന്നത്. ഏറെക്കുറെ സിപിഎമ്മും മലപ്പുറം ജില്ലയിൽ മറിച്ച് ഒരു ഫലം പ്രതീക്ഷിക്കുകയും ചെയ്യുന്നില്ല.
തീ പാറുന്ന പോരാട്ടം നടക്കുന്ന പാലക്കാട് 12 മണ്ഡലങ്ങളിൽ എട്ട് ഇടത്തും എൽഡിഎഫ് തന്നെ വിജയിക്കുമെന്നും ബാക്കിയുള്ള നാലിടങ്ങളിൽ മാത്രമാകും യുഡിഎഫിന് വിജയിക്കുവാൻ കഴിയുകയുള്ളൂ എന്നും സർവ്വേ പറയുന്നു. നിലവിൽ ആകെ രണ്ടു മണ്ഡലങ്ങളിൽ മാത്രമാണ് യുഡിഎഫ് വിജയിച്ചു നിൽക്കുന്നത്. ഇതിൽ ഒന്ന് ലീഗിന്റെ കൈവശമുള്ള മണ്ണാർക്കാടും മറ്റൊന്ന് രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ചു നിൽക്കുന്ന പാലക്കാട് മണ്ഡലവും ആണ്. ഈ പാലക്കാട് മണ്ഡലത്തിൽ കോൺഗ്രസിന് തൊട്ടുപിന്നിൽ ഉള്ളത് ബിജെപിയാണ്. പാലക്കാട് നഗരസഭ ഭരണം കൂടി ബിജെപിയുടെ കൈവശം ആയതുകൊണ്ട് തന്നെ പാലക്കാട്ടെ പോരാട്ടം കോൺഗ്രസിന് നിർണായകമാണ്.
തൃശ്ശൂർ മണ്ഡലം പരിഗണിക്കുമ്പോൾ ആകെയുള്ള 13 മണ്ഡലങ്ങളിൽ 9 മണ്ഡലങ്ങളിലും എൽഡിഎഫ് തന്നെ വിജയിക്കുമെന്ന് സർവ്വേ ചൂണ്ടിക്കാട്ടുന്നു. യുഡിഎഫ് കേവലം മൂന്ന് മണ്ഡലങ്ങളിലേക്ക് ചുരുങ്ങുമ്പോൾ ബിജെപിക്ക് ഒരു മണ്ഡലത്തിൽ നേട്ടം കൊയ്യുവാൻ കഴിയുമെന്നും സർവ്വേ പറയുന്നു. ഈ മണ്ഡലം തൃശ്ശൂർ മണ്ഡലമാണെന്നും പറയപ്പെടുന്നു. സുരേഷ് ഗോപി എംപിയായി വിജയിച്ചതിന് പിന്നാലെ തൃശൂരിൽ ബിജെപിക്ക് കരുത്ത് വർദ്ധിച്ചിരിക്കുകയാണ്.ഈ മുന്നേറ്റം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് ബിജെപി നേതാക്കൾ കരുതുന്നു. എറണാകുളം മണ്ഡലം നോക്കുമ്പോൾ ആകെയുള്ള 14 മണ്ഡലങ്ങളിൽ 9 ഇടങ്ങളിൽ യുഡിഎഫ് വിജയിക്കുമ്പോൾ അഞ്ചിടങ്ങളിൽ എൽഡിഎഫും വിജയിക്കുമെന്ന് സർവ്വേ ഫലം പറയുന്നു.
നിലവിലും എൽഡിഎഫിനും യുഡിഎഫിനും ജില്ലയിൽ ഉള്ള അതേ അംഗസംഖ്യ തന്നെയാണ് സർവ്വേയും പ്രവചിക്കുന്നത്. ട്വിന്റി 20 പോലെയുള്ള സംഘടനകൾ വിജയിക്കില്ലെന്നും അവരുടെ സാന്നിധ്യം യുഡിഎഫിന് തിരിച്ചടിയാകുമെന്നും സർവ്വേ ചൂണ്ടിക്കാട്ടുന്നു. ഇടുക്കിയിലേക്ക് വന്നാൽ ആകെയുള്ള അഞ്ചു മണ്ഡലങ്ങളിൽ നാലിടത്തും എൽഡിഎഫ് ജയിക്കുമെന്ന് സർവ്വേ പ്രവചിക്കുമ്പോൾ ഒരിടത്ത് മാത്രമാണ് യുഡിഎഫിന് വിജയപ്രതീക്ഷ പറയുന്നത്. കോട്ടയം ജില്ലയിലേക്ക് വരുമ്പോൾ ആകെയുള്ള 9 മണ്ഡലങ്ങളിൽ അഞ്ചിടത്ത് എൽഡിഎഫും നാലിടത്ത് യുഡിഎഫും വിജയിക്കും എന്നാണ് സർവ്വേ ഫലം. ഏറെക്കുറെ നിലവിലെ കണക്കുകളോട് ചേർന്നുനിൽക്കുന്ന സർവ്വേ ഫലമാണിത്. പത്തനംതിട്ടയിലേക്ക് വരുമ്പോൾ യുഡിഎഫിന് ഒരു പ്രതീക്ഷയും വേണ്ടെന്നാണ് സർവ്വേ പറയുന്നത്.
ആകെയുള്ള അഞ്ചു മണ്ഡലങ്ങളിലും എൽഡിഎഫ് തന്നെ ഇപ്പോഴത്തെ പോലെ വിജയിക്കുമെന്ന് സർവ്വേ പറയുന്നു. ആലപ്പുഴയിലേക്ക് വന്നാലും നിലവിലുള്ള ഒരു സീറ്റ് മാത്രമാണ് യുഡിഎഫിന് സർവ്വേ പറഞ്ഞുവെക്കുന്നത്. പിന്നീടുള്ള എട്ടു മണ്ഡലങ്ങളിലും എൽഡിഎഫ് വിജയം തന്നെയാണ് സർവേ പ്രവചിക്കുന്നത്. കൊല്ലം ജില്ലയിലേക്ക് വന്നാൽ നിലവിലുള്ളതിന് സമാനമായ സാഹചര്യം തന്നെയാണ് സർവേ പ്രവചിക്കുന്നത്. ആകെയുള്ള 11 മണ്ഡലങ്ങളിൽ 9 ഇടങ്ങളിൽ എൽഡിഎഫും രണ്ടിടങ്ങളിൽ യുഡിഎഫും വിജയിക്കുമെന്ന് സർവ്വേ ഏജൻസി പറയുന്നു. അതേസമയം തിരുവനന്തപുരത്തേക്ക് വരുമ്പോൾ യുഡിഎഫിന് കാര്യങ്ങൾ കുറച്ച് ആശ്വാസകരമാണ്.
നിലവിലത്തെ സ്ഥിതിയിൽ ഒരൊറ്റ മണ്ഡലത്തിൽ മാത്രമാണ് യുഡിഎഫിന്റെ സാന്നിധ്യമുള്ളത്. എന്നാൽ വരുന്ന തിരഞ്ഞെടുപ്പിൽ നാലു സീറ്റുകളിൽ വരെ വിജയിക്കുവാൻ കഴിയുമെന്ന് സർവ്വേ പറയുന്നു. ഇപ്പോഴും 9 സീറ്റുകളുമായി മേധാവിത്വം ഇടതുപക്ഷത്തിന് തന്നെയാണ്. മൊത്തത്തിൽ ഒരിക്കൽ കൂടി പരിശോധിക്കുമ്പോൾ ഈ സർവേ പ്രകാരം 81 സീറ്റുകളിൽ എൽഡിഎഫും 56 ഇടത്ത് യുഡിഎഫും മൂന്നിടത്ത് ബിജെപിയും വിജയിക്കുവാനാണ് സാധ്യത കൽപിക്കപ്പെടുന്നത്.



