ഇടുക്കി: മാങ്കുളം ആനക്കുളം പേമരം വളവിൽ വാഹനാപകടം. വിനോദസഞ്ചാരികളുമായി എത്തിയ ട്രാവലർ 30 അടി താഴ്ച്ചയിലേക്ക് പതിച്ചാണ് അപകടം ഉണ്ടായത്. പാലക്കാട് നിന്ന് ആനക്കുളത്തേക്ക് വിനോദ സഞ്ചാരത്തിനെത്തിയവരാണ് അപകടത്തിൽപ്പെട്ടത്.
മൂന്ന് കുട്ടികൾ ഉൾപ്പടെ 17 പേർക്കാണ് അപകടത്തിൽ പരുക്കേറ്റത്. അപകടത്തിൽ പരുക്കേറ്റവരെ അടിമാലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകുന്നേരം മൂന്നരയോടെ ആയിരുന്നു അപകടം നടന്നത്. കുത്തനെയുള്ള ഇറക്കമിറങ്ങുന്നതിനിടെ വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് പാതയോരത്തെ കൊക്കയിലേക്ക് തല കീഴായി പതിക്കുകയായിരുന്നു.






