തിരുവനന്തപുരം: ശ്രീകാര്യത്ത് വീട് കുത്തിത്തുറന്ന് മോഷണം. 15 പവനും 4 ലക്ഷം രൂപയും മോഷണം പോയതായി പരാതി.
കേരള സര്‍വ്വകലാശാലയിലെ മുന്‍ അസി. രജിസ്ട്രാര്‍ ജെ അനില്‍കുമാറിന്റെ വീട്ടിലാണ് മോഷണം.നാല് ദിവസമായി വീട്ടുകാര്‍ സ്ഥലത്തുണ്ടായിരുന്നില്ല. ഈ കാലയളവില്‍ മോഷണം നടന്നതായാണ് നിഗമനം.ഇന്ന് രാവിലെ തിരികെ വീട്ടിലെത്തിയപ്പോഴാണ് വീടിന്റെ മുഴുവന്‍ വാതിലുകളും കുത്തി തുറന്നത് ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 15 പവന്‍ സ്വര്‍ണവും നാല് ലക്ഷം രൂപയും നഷ്ടപ്പെട്ടതായി കണ്ടെത്തി.
ശ്രീകാര്യം പൊലീസ് സ്ഥലത്തെത്തി പരിശോധനനടത്തി. എന്നാല്‍ പരിശോധനയില്‍ മോഷ്ടാവിനെ കുറിച്ച് സൂചനയൊന്നും ലഭിച്ചില്ല.വിരലടയാള വിദഗ്ദരും ഡോഗ് സ്‌ക്വാഡും തെളിവുകള്‍ ശേഖരിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.സമീപത്ത് മറ്റൊരു വീട്ടിലും മോഷണ ശ്രമം നടന്നതായി നാട്ടുകാര്‍ ആരോപിച്ചു. മോഷ്ടാവിനായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി ശ്രീകാര്യം പൊലീസ് അറിയിച്ചു.






