അറബിക്കടലിൽ മുങ്ങിയ എംഎസ്‌സി എൽസ 3 ചരക്കുകപ്പലിൽ നിന്നുള്ള കണ്ടെയ്നർ കൊല്ലം തീരത്തടിഞ്ഞു. കരുനാഗപ്പള്ളി ചെറിയഴീക്കൽ തീരത്തടിഞ്ഞാണ് കണ്ടെയ്നർ അടിഞ്ഞത്. കണ്ടെയ്നർ കടൽഭിത്തിയിൽ ഇടിച്ച് തുറന്ന നിലയിലാണുള്ളത്. കണ്ടെയ്നറിന് ഉള്ളിൽ ഒന്നുമില്ലെന്നാണ് സൂചന. പ്രദേശത്ത് നിന്ന് അഞ്ച് വീട്ടുകാരെ അധികൃതർ ഒഴിപ്പിച്ചു. ചവറ ആല്‍ത്തറമൂട് ഭാഗത്തും നീണ്ടകരയിലും കണ്ടെയ്നറുകള്‍ അടിഞ്ഞിട്ടുണ്ട്.640 കണ്ടെയ്നറുകളാണ് മുങ്ങിയ കപ്പലിൽ ഉണ്ടായിരുന്നത്.
ഇതില്‍ 13 എണ്ണത്തിൽ ഹാനികരമായ വസ്തുക്കളും 12 എണ്ണത്തിൽ കാൽസ്യം കാർബൈഡും ആയിരുന്നുവെന്നാണ് കണ്ടെത്തൽ. ഇതിൽ ഒമ്പതോളം കണ്ടെയ്‌നറുകളാണ് കടലിൽ വീണത്. അപകടത്തേ തുടർന്ന്, കടലിൽ ഏതാണ്ട് 3.7 കിലോമീറ്റർ (2 നോട്ടിക്കൽ മൈൽ) വീതിയിലും അത്രത്തോളം നീളത്തിലുമുള്ള പ്രദേശമാകെ എണ്ണപടർന്നതായാണ് റിപ്പോർട്ട്. കപ്പൽ ഉയർത്താൻ കഴിയുമോ ഉപേക്ഷിക്കേണ്ടി വരുമോ തുടങ്ങിയ സാധ്യതകൾ കപ്പൽ കമ്പനിയുടെ നേതൃത്വത്തിൽ പരിശോധിച്ച് വരികയാണ്.






