സംസ്ഥാനത്ത് അതിതീവ്രമഴ മുന്നറിയിപ്പ്. 11 ജില്ലകളിൽ അതിതീവ്രമഴ സാധ്യതയെ തുടർന്ന് റെഡ് അലേർട്ട് മുന്നറിയിപ്പാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികൾ മെയ് 29 വരെ കടലിൽ പോകരുതെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നല്കുന്ന നിർദേശം.പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകൾക്കാണ് റെഡ് അലേർട്ട്. ഈ ജില്ലകളില്‍ അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 എംഎമ്മില്‍ കൂടുതൽ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കേരളാ തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് (26/05/2025) രാത്രി 8.30 വരെ 3.0 മുതൽ 4.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മെയ് 25 മുതല്‍ മുതൽ 29 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പും അറിയിച്ചു.






